കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു; ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിപിയില്‍ നിന്നും വിശദീകരണം തേടി

 kolkata , cbi , rajeev kumar , സുപ്രീംകോടതി , മമതാ ബാനർജി , സി ബി ഐ
കൊൽക്കത്ത| Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (07:59 IST)
കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു. ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിപിയില്‍ നിന്നും വിശദീകരണം തേടി. തുടര്‍ നടപടികള്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വിഷയത്തില്‍ സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായത്. ചിട്ടി തട്ടിപ്പ്കേസിലെ അന്വേഷണം ബംഗാൾ സർക്കാർ തടഞ്ഞുവെന്ന പരാതിയുമായാണ് സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്.

ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി പൊലീസ് കമ്മിഷണർ രാജീവ് കുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡിനെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചിരുന്നു. ഇരു വിഭാഗവും തമ്മില്‍ ബലപ്രയോഗം നടന്നു.

പിന്നാലെ കൊല്‍ക്കത്തയിലെ സിബിഐ ഓഫിസ് പൊലീസ് വളഞ്ഞു. സിബിഐ ജോയിന്റ് ഡയറക്ടറുടെ വീടിനു മുന്നിലും പൊലീസെത്തി. സംസ്ഥാന പൊലീസ് മേധാവി, കൊൽക്കത്ത മേയർ ഉൾപ്പെടെയുള്ളവരും രാജീവ് കുമാറിന്റെ വീട്ടിലെത്തി.

തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ ആരംഭിച്ചു. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു.

പശ്ചിമ ബംഗാളിൽ സിബിഐയെ പ്രവേശിപ്പിക്കില്ലെന്ന് മമത നേരത്തേ പ്രഖ്യാപിച്ചിരുന്നു. അനുവാദമില്ലാതെ സിബിഐക്ക് ബംഗാളിൽ അന്വേഷണം നടത്താൻ സാധിക്കില്ലെന്ന് നിയമവും കൊണ്ടു വന്നിരുന്നു. ഇതിന്റെ ബലത്തിലാണ് സിബിഐ ഉദ്യോഗസ്ഥർക്ക് നേരെ നടപടിയുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :