യുണൈറ്റഡ് കിംഗ്ഡമല്ല ഡിസ്‌യുണൈറ്റഡ് കിംഗ്ഡം

ബ്രിട്ടണ്‍, സ്കോട്‌ലന്‍ഡ്, സ്വാതന്ത്ര്യം
ലണ്ടണ്‍| VISHNU.NL| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (13:59 IST)
ഹിതപരിശോധന നടന്നുകഴിഞ്ഞാല്‍ സ്കോട്ലന്‍ഡ് യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് വേര്‍പിരിഞ്ഞേക്കുമെന്ന ആശങ്ക നിലനില്‍ക്കേ സ്‌കോട്ടിഷ് അതിര്‍ത്തിയില്‍ 'പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ സെന്റര്‍ ' തുറന്നു. സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നവരുടെ നേതൃത്വത്തിലാണ് പ്രതീകാത്മകമായി 'പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ സെന്റര്‍ തുറന്നതും പരിശോധന ആരംഭിച്ചതും.

ഇതോടെ ഇംഗ്ലണ്ടിലെ ഐക്യവാദികള്‍ ആശങ്കയിലായി. സ്കോടലന്‍ഡിനെ എങ്ങനേയും പിരിഞ്ഞുപോകുന്നതില്‍ നിന്ന് തടയുന്നതിനായി കൂടുതല്‍ അധികാരങ്ങള്‍ നല്‍കാമെന്ന് പ്രധാനമന്ത്രി ദേവിഡ് കാമറൂണും മറ്റ് മന്ത്രിമാരും മുന്നോട്ട് വച്ച ഉപാധി സ്വാതന്ത്ര്യ വാദികള്‍ കേട്ടഭാവം നടിച്ചിട്ടില്ല.

കൂടുതല്‍ അധികാരങ്ങള്‍ നേടാനുള്ള ഏക വഴി സ്വാതന്ത്ര്യം മാത്രമാണെന്നാണ് സ്വാതന്ത്രവാദികളുടെ കാമ്പയിനായ യെസ് ക്യാംപെയിന്‍ അനുകൂലികള്‍ പറയുന്നത്. ഹിതപരിശോധന നാളെയാണ് നടക്കാന്‍ പോകുന്നത്. അതിനിടെ ഹിതപരിശോധന കഴിഞ്ഞാല്‍ അടുത്ത ദിവസം സ്‌കോട്ടിഷ് ബോര്‍ഡര്‍ ഏജന്‍സി പ്രവര്‍ത്തനം ആരംഭിക്കുമെന്ന ബോര്‍ഡും ഇവര്‍ സ്ഥാപിച്ചു കഴിഞ്ഞു.

അതേ സമയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ബ്രിട്ടീഷ് സര്‍ക്കാറിനു കീഴിലുള്ള രാജ്യാന്തര ബാങ്കിങ് സ്ഥാപനങ്ങളായ റോയല്‍ ബാങ്ക് ഓഫ് സ്‌കോട് ലണ്ടും എച്ച്ബിഒഎസും തങ്ങളുടെ ആസ്ഥാനം എഡിന്‍ബറോയില്‍ നിന്ന് ലണ്ടനിലെയ്ക്ക് മാറ്റുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ബ്രിട്ടണിന്റെ നാണയമായ പൌണ്ട് സ്കൊട്‌ലന്‍ഡിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതുകൊണ്ടൊന്നും സ്വാതന്ത്ര്യവാദികള്‍ വഴങ്ങിയിട്ടില്ല. ഹിതപരിശോധനയില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന പക്ഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ലയനത്തിന്റെ 309ാം വാര്‍ഷിക ദിനമായ 2016 മാര്‍ച്ച് 24ന് സ്‌കോട് ലണ്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനാണ് സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ തീരുമാനം.

അധികാരകൈമാറ്റത്തിനൊപ്പം വിഭവങ്ങളുടെയും സൈനിക ശക്തിയുടെയും, ആണവശേഖരത്തിന്റെയും, കൂടാതെ പ്രകൃതി വാതക മേഖലകളുടെയും പങ്കുവയ്ക്കല്‍ ജനസംഖ്യാനുപാതികമായി നടത്തുന്നതിലാകും
ആദ്യ സമ്മര്‍ദമെന്ന് സ്‌കോട്ടിഷ് പാര്‍ലമെന്റ് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗത്വമുള്‍പ്പെടെ കാര്യങ്ങള്‍ക്കുള്ള നടപടികളും ആരംഭിക്കും.

അതേ സമയം എലിസബത്ത് രാജ്ഞിയുടെ രാജവാഴ്ച തുടര്‍ന്നും അംഗീകരിക്കും. കോമണ്‍വെല്‍ത്ത് അംഗത്വവും സ്‌കോട്ട് ലണ്ട് നിലനിര്‍ത്തുമെന്നും സ്വാതന്ത്ര്യവാദികള്‍ പറയുന്നുണ്ട്. സ്വാതന്ത്ര്യവാദികളും ഐക്യവാദികളും ശക്തമായ പ്രചരണമാണ് സ്കൊട്‌ലന്‍ഡില്‍ നടത്തുന്നത്. അതിനാല്‍; ആര്‍ക്കാവും വിധി അനുകൂലമെന്ന് പറയാന്‍ സാധിക്കുകയില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :