പ്രധാനമന്ത്രി ഇനി വിദേശയാത്ര കഴിഞ്ഞുവരുമ്പോള്‍ ‘മറ്റേ മോദി’യെയും തിരികെ കൊണ്ടുവരണം: രാഹുല്‍ ഗാന്ധി

നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, അമിത് ഷാ, ബി ജെ പി, കോണ്‍ഗ്രസ്, Narendra Modi, Rahul Gandhi, Amit Shah, BJP, Congress
ഷില്ലോങ്| BIJU| Last Updated: ബുധന്‍, 21 ഫെബ്രുവരി 2018 (13:07 IST)
ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് ഭയവും വെറുപ്പും നിരാശയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയും ആക്രമണങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചു. എന്നാല്‍ അവരുടെ വാഗ്ദാനങ്ങളെല്ലാം പാഴാവുകയും ചെയ്തു.

സാമ്പത്തിക വളര്‍ച്ചയും സുരക്ഷിതത്വവുമൊക്കെയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ സര്‍ക്കാരിന്‍റെ കാലാവധി തീരാറായി. എന്നാല്‍ വാഗ്ദാനങ്ങള്‍ക്ക് വിപരീതമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

അഴിമതി ഇല്ലാതാക്കുകയല്ല, അതില്‍ സജീവമായി പങ്കാളികളാകുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. വിജയ് മല്യയുടെയും നീരവ് മോദിയുടെയുമൊക്കെ സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ് - രാഹുല്‍ ഗാന്ധി പറഞ്ഞു.

നീരവ് മോദിയെയും പ്രധാനമന്ത്രിയെയും താരതമ്യപ്പെടുത്താനും രാഹുല്‍ ഗാന്ധി തയ്യാറായി. നീരവ് മോദി വജ്രം വില്‍ക്കുന്നത് അവ സ്വപ്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘മറ്റൊരു മോദി’ സ്വപ്നങ്ങള്‍ വില്‍ക്കുകയും അധികാരത്തിലെത്തുകയും ചെയ്തു. രണ്ടുകോടി ജനങ്ങള്‍ക്ക് തൊഴില്‍ അവസരം, എല്ലാവരുടെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപ എന്നൊക്കെയായിരുന്നു അദ്ദേഹം നല്‍കിയ സ്വപ്നങ്ങള്‍. എന്നാല്‍ ജനങ്ങള്‍ക്ക് നിരാശ മാത്രമാണ് ലഭിച്ചത് - രാഹുല്‍ ഗാന്ധി പറഞ്ഞു.

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :