തട്ടിപ്പുകാര്‍ ജാഗ്രതൈ... ബിഐഎസ് ഇല്ലെങ്കില്‍ അഴിയെണ്ണും ഉറപ്പ്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (14:36 IST)
രാജ്യത്തെ ജനങ്ങളെ മോഹന വാഗദാനങ്ങള്‍ നല്‍കി പറ്റിക്കുന്ന ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. രാജ്യത്ത് വില്‍ക്കുന്ന 19,000 ഉല്പന്നങ്ങള്‍ക്ക് ബിഐഎസ് മുദ്രണം നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയതായാണ് സൂചന.

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ
19,000 ഉല്‍പന്നങ്ങള്‍ക്ക് നിയമം മൂലം ബിഐഎസ് മുദ്ര നിര്‍ബന്ധമാക്കും. നിലവില്‍ 107 ഉല്പന്നങ്ങള്‍ക്കു മാത്രമാണ് ബിഐഎസ് മുദ്ര നിര്‍ബന്ധമാക്കിയിട്ടുള്ളത്.

അടുത്ത പാര്‍ലമെന്റ് യോഗത്തില്‍ തന്നെ 1986 ലെ ബിഐഎസ് ആക്ടില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമത്തില്‍ ജനങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാക്കും. ബി‌ഐ‌എസ് മുദ്ര നിര്‍ബന്ധമാക്കിയിരിക്കുന്ന പട്ടികയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മുദ്ര ഇല്ലാതെ വില്‍ക്കുന്നത് നിയം മൂലം നിരൊധിക്കും.

നിയമം അനുസരിക്കാത്തവര്‍ക്ക് ഒരു വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണ നിയമഭേദഗതി കൊണ്ടുവരുന്നത്. ഇതോടെ തട്ടിപ്പു കമ്പനികളുടെ ഉല്പന്നങ്ങള്‍ വാങ്ങി ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :