അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 25 നവംബര്‍ 2019 (20:05 IST)
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വായുമലിനീകരണത്തിന് കാരണമാകുന്ന വിള അവശിഷ്ടങ്ങൾ കത്തിക്കുന്ന പഞ്ചാബ് ഹരിയാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും വിളകൾ കത്തിക്കുന്ന വിഷയത്തിൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് രണ്ട് സംസ്ഥാനങ്ങളിലേയും സർക്കാറുകളെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
15 ബാഗുകളിൽ സ്ഫോടനവസ്തുക്കൾ നിറച്ച് ജനങ്ങളെ ഒറ്റയടിക്ക്
കൊന്നുകളയുവെന്നും ആളുകൾ എന്തിന് ഇത്രയും സഹിക്കണമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട്
ചോദിച്ചു.
ഡൽഹി തലസ്ഥാന മേഖലയിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കാത്ത കേന്ദ്രഗവണ്മെന്റ് സമീപനത്തെയും കോടതി വിമർശിച്ചു. എന്തിനാണ് ഗ്യാസ് ചേംബറുകളിൽ ജീവിക്കുവാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. മലിനീകരണം മൂലം ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി ദശലക്ഷകണക്കിന് മനുഷ്യരുടെ ആയുർദൈർഘ്യം കുറഞ്ഞുവെന്നും ജനങ്ങളെ ഇങ്ങനെ മരിക്കാൻ അനുവദിക്കാമോ എന്നും കോടതി ചോദിച്ചു.