ജയലളിതയുടെ രോഗമുക്തിക്കായി യാഗം നടത്തി; തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് എംഎല്‍എ അടക്കം നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ജയലളിതക്കായുള്ള യാഗത്തിനിടെ തേനീച്ചക്കൂട്ടം ഇളകി

chennai, jayalalitha, bees, ambur, vellur ചെന്നൈ, ജയലളിത, തേനീച്ച, ആമ്പൂര്‍, വെല്ലൂര്‍
ചെന്നൈ| സജിത്ത്| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (11:50 IST)
ജയലളിതയുടെ രോഗമുക്തിക്കായി ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച യാഗത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എംഎല്‍എ അടക്കം നിരവധി പേര്‍ക്ക് പരുക്ക്. തേനീച്ചയുടെ ആക്രമണത്തില്‍ ആമ്പൂര്‍ എം.എല്‍.എ ആര്‍. ബാലസുബ്രഹ്മണിയുള്‍പ്പെടെ പതിനാലോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

വെല്ലൂര്‍ ജില്ലയിലെ വാടാച്ചേരി ശക്തി മാരിയമ്മന്‍ ക്ഷേത്ര പരിസരത്താണ് യാഗം നടന്നത്. എം എല് എമാരായ ബാലസുബ്രഹ്മണിയും ജയന്തിയുമാണ് യാഗം സംഘടിപ്പിച്ചത്. അഗ്‌നികുണ്ഡത്തില്‍ നിന്നു തീ ഉയര്‍ന്നതോടെ മരത്തിനു മുകളിലുള്ള കൂട്ടില്‍ നിന്നു തേനീച്ചക്കൂട്ടം ഇളകുകയായിരുന്നു. തുടര്‍ന്ന് ആചാര്യന്മാരും നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും ചിതറി ഓടി.

സമീപത്തുണ്ടായിരുന്നവരെയെല്ലാം തേനീച്ചകള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി ഇരുന്നതിനാല്‍ എം എല്‍ എ ജയന്തിക്ക് കുത്തേറ്റില്ല. എം.എല്‍.എ ആര്‍. ബാലസുബ്രഹ്മണിയെ ആമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :