ഉട്ടോപ്പിയയിലെ രാജാവാകാന്‍ മോദി ശ്രമിക്കരുത്: എ.കെ. ആന്റണി

മോദി മൻമോഹനെ കണ്ടു പഠിക്കണമെന്ന് ആന്റണി

ന്യൂഡൽഹി| സജിത്ത്| Last Updated: തിങ്കള്‍, 2 ജനുവരി 2017 (14:17 IST)
തനിക്ക് പറ്റിയ തെറ്റ് തുറന്നു പറയാനുള്ള സാമാന്യ മര്യാദ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കണമെന്ന് എ.കെ. ആന്റണി. നോട്ട് നിരോധിച്ച് 50 ദിവസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതങ്ങള്‍ക്കു ഒരു ശമനവുമുണ്ടായിട്ടില്ല. മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ടുപടിക്കുകയാണ് മോദി ചെയ്യേണ്ടത്. മോദി പറയുന്നതുപോലെ ഒറ്റയടിക്കു പണരഹിത ഇന്ത്യയുണ്ടാക്കാന്‍ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ വ്യാമോഹം മാത്രമാണെന്നും ആന്റണി പറഞ്ഞു.

ഉട്ടോപ്പിയയിലെ രാജാവാകാനുള്ള മോദിയുടെ ശ്രമമാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. ലോകത്ത് എവിടെയാണ് ഒരു
പണരഹിത രാജ്യമുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. രാജ്യത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കള്ളപ്പണം കണ്ടുപിടിക്കാൻ സംവിധാനമില്ല എന്ന കാര്യം പറഞ്ഞാണു കേന്ദ്രം സഹകരണ സംഘങ്ങള്‍ക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കേണ്ടവർ എല്ലാം വെളുപ്പിച്ചു കഴിഞ്ഞെന്നും എത്രയും പെട്ടെന്നുതന്നെ സഹകരണ ബാങ്കുകൾക്കുള്ള നിയന്ത്രണങ്ങൾ കേന്ദ്രം എടുത്തുകളയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കേരളത്തില്‍
കോണ്‍ഗ്രസ് പാർട്ടിയില്‍ പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള വലിയ പ്രശ്നങ്ങളൊന്നുമില്ല. സമയമാകുമ്പോള്‍ എല്ലാം പരിഹരിക്കപ്പെടും. കേന്ദ്രസര്‍ക്കാരിനെതിരെ വെള്ളിയാഴ്ച നടത്തുന്ന പ്രക്ഷോഭ സമരത്തില്‍ എല്ലാനേതാക്കളും പങ്കെടുക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :