2ജി അഴിമതി: ജെപിസി നിര്‍ണ്ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിവാദങ്ങള്‍ക്കിടയില്‍ 2-ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) ഇന്ന് ഡല്‍ഹിയില്‍ നിര്‍ണ്ണായക യോഗം ചേരും.

കരട് റിപ്പോര്‍ട്ടിന്മേല്‍ വോട്ടെടുപ്പിനൊരുങ്ങുകയാണ് പ്രതിപക്ഷം. എന്നാല്‍ വോട്ടെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ജെപിസി അധ്യക്ഷന്‍ പി സി ചാക്കോ.

കോണ്‍ഗ്രസില്‍ നിന്നും ജെപിസി അധ്യക്ഷന്‍ പി സി ചാക്കോ അടക്കം 11 പേര്‍. എന്‍സിപിയില്‍ നിന്ന് ഒരു പ്രതിനിധിയടക്കം ഭരണപക്ഷത്ത് നിന്ന് 12 പേര്‍. എന്‍ഡിഎയില്‍ നിന്ന് ബിജെപിയുടെ ആറും ജെഡിയുവിലെ രണ്ടും എംപിമാര്‍. ഡിഎംകെയ്ക്ക് രണ്ട് പ്രതിനിധികള്‍. സിപിഎം, സിപിഐ പാര്‍ട്ടിയില്‍ നിന്ന് ഓരോ പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തും പന്ത്രണ്ട് പ്രതിനിധികളുണ്ട്.

സമിതിയില്‍ രണ്ട് അംഗങ്ങളുടെ പ്രാതിനിധ്യമുള്ള ബിഎസ്പി, ഓരോ അംഗങ്ങളുള്ള എസ്പി, ബിജു ജനധാതള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എഐഡിഎംകെ എന്നീ പാര്‍ട്ടികളുടെ നിലപാടുകളാകും വോട്ടെടുപ്പിനെ സ്വാധീനിക്കുക.

ജെപിസി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കാന്‍ ഇന്ത്യന്‍ ലോക്‌സഭ ചരിത്രത്തില്‍ ഇതിന് മുന്‍പ് വോട്ടെടുപ്പ് നടന്നിട്ടില്ല. എതിര്‍പ്പുള്ളവര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയാണ് ഇതു വരെ ചെയ്തിട്ടുള്ളത്.

ജെപിസി തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയെയും പി. ചിദംബരത്തെയും കുറ്റവിമുക്തരാക്കിയിരുന്നു. കരട് റിപ്പോര്‍ട്ട് ചോര്‍ന്നത് വിവാദമാകുകയും പാര്‍ലമെന്റില്‍ പ്രക്ഷുബ്ദ രംഗങ്ങള്‍ക്ക് വഴി വെയ്ക്കുകയും ചെയ്തു.

പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും 2 ജി ഇടപാടിന്റെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് എ രാജ ജെപിസിയെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി ജെപിസക്ക് മുന്‍പില്‍ ഹാജരാകണമെന്ന ആവശ്യം ബിജെപി അന്തിമ കരട് തയാറാകുന്നതിന് മുന്‍പ് പറഞ്ഞിരുന്നു.

2ജി സ്‌പെക്‌ട്രം, കല്‍ക്കരി പാടം വിഷയത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്നു നടക്കുന്ന യോഗം സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ നിര്‍ണായകമായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :