26/11 വാര്‍ഷികം കസബ് അറിഞ്ഞില്ല?

മുംബൈ| WEBDUNIA| Last Modified ശനി, 27 നവം‌ബര്‍ 2010 (10:47 IST)
രാജ്യത്തെ നടുക്കിയ 26/11 ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. എന്നാല്‍, മറ്റ് ഒമ്പത് ഭീകരരോടൊപ്പം നഗരത്തില്‍ ഭീകരത വിതറി ഒടുവില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിര്‍ കസബ് ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

മിക്കവാറും എല്ലാ ദിവസത്തെയും പോലെ താമസിച്ച് എഴുന്നേറ്റ കസബ് പ്രഭാത ഭക്ഷണം കഴിഞ്ഞ് വീണ്ടും കിടന്നു. പിന്നീട് ഉച്ചഭക്ഷണ സമയത്താണ് എഴുന്നേറ്റത്. അതിനു ശേഷം വീണ്ടും കിടക്കയെ ശരണം‌പ്രാപിച്ച കസബ് ദിവസത്തില്‍ കൂടുതല്‍ സമയവും ഉറങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഭീകരാക്രമണ വാര്‍ഷികത്തെ കുറിച്ച് അറിയുന്നതിന് കസബിന് ജയില്‍ മുറിയില്‍ കലണ്ടര്‍ ഇല്ല. വാര്‍ഷികത്തെ കുറിച്ച് പൊലീസുകാര്‍ കസബിനെ അറിയിച്ചതുമില്ല.

കസബ് കഴിഞ്ഞ ദിവസവും തന്റെ വധശിക്ഷ ശരിവയ്ക്കണമോ വേണ്ടയോ എന്ന കേസില്‍ ബോംബെ ഹൈക്കോടതിയില്‍ നടന്ന വിചാരണയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തില്ല. വിചാ‍രണയില്‍ നേരിട്ട് പങ്കെടുക്കണം എന്ന ആവശ്യം നിഷേധിച്ചതു മുതല്‍ കസബ് വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുക്കുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :