26/11: താമസത്തിനു കാരണം ഇന്ത്യ?

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 28 നവം‌ബര്‍ 2010 (09:31 IST)
മുംബൈ ഭീകരാക്രമണ കേസിന്റെ അന്വേഷണത്തില്‍ പുരോഗതിയുണ്ടാവത്തതിനു കാരണം ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്കാണ് പാകിസ്ഥാന്‍ 26/11 കേസ് മന:പൂര്‍വം വൈകിക്കുന്നു എന്ന ഇന്ത്യന്‍ ആരോപണത്തിന് മറുപടി നല്‍കിയത്.

മുംബൈ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ മുംബൈ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി പി ചിദംബരം പാകിസ്ഥാന്‍ കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഭീകരരുടെ ശബ്ദ സാമ്പിളുകള്‍ കൈമാറുന്നതിന് പാകിസ്ഥാന്‍ കാട്ടുന്ന വിമുഖതയെയും ചിദംബരം വിമര്‍ശിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരുടെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, കസബിന്റെ മൊഴിയാണ് കേസിന്റെ അടിസ്ഥാനം. അതിനാല്‍, കസബിന്റെ മൊഴിയുടെ സ്ഥിരീകരണം നടത്തേണ്ടതുണ്ട്, റഹ്‌മാന്‍ മാലിക് ഇന്ത്യന്‍ ആരോപണത്തിന് മറുപടിയായി പറഞ്ഞു.

കസബിന്റെ മൊഴി പരിശോധിക്കുന്നതിന് ഒരു കമ്മീഷനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കാത്തതാണ് വിചാരണ വൈകുന്നതിനു കാരണമെന്നും പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :