എതിര്‍പ്പ് അവഗണിച്ച് ലോക്പാല്‍ ബില്ല് രാജ്യസഭയില്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
രാജ്യസഭയില്‍ ഇന്നു ലോക്പാല്‍ ബില്‍ പാസാക്കാന്‍ സഭാധ്യക്ഷന്‍ ഹാമിദ്‌ അന്‍സാരി വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗം തീരുമാനിച്ചു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും ഇന്നു ബില്‍ പാസാക്കാമെന്ന്‌ സമ്മതിച്ചുവെന്ന്‌ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ്‌ പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌ പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുത്തില്ല. ബില്ലിനെ സമാജ്‌വാദി പാര്‍ട്ടി എതിര്‍ക്കുകയാണ്‌. എന്നാല്‍ ബഹുജന്‍ സമാജ്‌ പാര്‍ട്ടിക്ക്‌ എതിര്‍പ്പില്ല. ബില്‍ പാസാക്കുന്നതിനെ തടസ്സപ്പെടുത്തരുതെന്ന്‌ സമാജ്‌ വാദി പാര്‍ട്ടിയോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌.

ബില്ലിനെ തങ്ങള്‍ എതിര്‍ക്കുകയാണെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ റാം ഗോപാല്‍ യാദവ്‌ പറഞ്ഞു. ഇതു പാസ്സായാല്‍ ഒരു മന്ത്രിയും ഒരുദ്യോഗസ്ഥനും തീരുമാനങ്ങളെടുക്കില്ല. ഫയലുകളില്‍ ഒപ്പിടില്ല. രാജ്യത്ത്‌ അവശ്യം വേണ്ട നടപടികള്‍ പോലും കൈക്കൊള്ളാതെ പോകുമെന്ന് യാദവ് കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ബില്ലില്‍ നിര്‍ദേശിച്ച 16 ഭേദഗതികളില്‍ രണ്ടെണ്ണം പരിഗണിച്ചിരുന്നില്ല. അവയും ഇപ്പോള്‍ കണക്കിലെടുക്കുമെന്ന്‌ കമല്‍നാഥ്‌ പറഞ്ഞു. അണ്ണാ ഹസാരെ പിന്തുണച്ചതിനാല്‍ ഇനി ബില്ലിനെ എതിര്‍ക്കുന്നതില്‍ കഴമ്പില്ലെന്ന്‌ ആം ആദ്മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാളിനെ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ ഉപദേശിച്ചു.

ലോക്പാല്‍ ബില്ലിനു സര്‍ക്കാര്‍ ഏറ്റവും ഉന്നത പരിഗണനയാണു നല്‍കുന്നതെന്നും ചര്‍ച്ച പോലും ഇല്ലാതെ ബില്‍ പാസാക്കാന്‍ തയാറാണെന്നും വേണ്ടിവന്നാല്‍ 20ന്‌ അവസാനിക്കുന്ന പാര്‍ലമെന്റ്‌ സമ്മേളനം ഇതിനായി നീട്ടാമെന്നും കമല്‍നാഥ്‌ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :