മധുരവും ഗംഭീരവുമായ പഞ്ചാരിമേളം

എ കെ ജെ അയ്യര്‍

panchari melam
PROPRO
പഞ്ചാരി എന്നാല്‍

കേരളത്തിലെ ചെണ്ടമേളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഞ്ചാരിമേളം. ഇതില്‍ ചെണ്ട, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നീ നാലു വാദ്യങ്ങളാണ് ഉപയോഗിക്കുക. നൂറോളം ചെണ്ട, അതില്‍ പകുതി ഇലത്താളം, 20 കുഴല്‍, 20 കൊമ്പ് എന്നിങ്ങനെയാണ് പൊതുവേ മേളങ്ങളുടെ കണക്ക്.

പഞ്ചാരി എന്നാല്‍ പഞ്ചാരി താളം (രൂപകം). ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തില്‍ ഇതിനെ ഏകതാളം എന്നു പറയും. ഇതിന് ആറ് അക്ഷരകാലമാണുള്ളത്. ത, ത്തി, ന്ത, യ്‌കാം, തോം, ഓം എന്നതാണ് വായ്ത്താരി. ആദ്യത്തെ അഞ്ച് ശബ്ദത്തിനും ഓരോ അടി (ശബ്ദത്തോടു കൂടിയ ക്രിയ), അവസാനത്തെ ഓങ്കാരത്തിന് ഒരു വീശ് (ഒരു നിശബ്ദക്രിയ). ഇങ്ങനെ ആറ് അക്ഷരകാലം കണക്കാക്കാന്‍ ആറ് താള ക്രിയകള്‍.

പഞ്ചാരി താളത്തിന്‍റെ ഈ അക്ഷരകാലം പഞ്ചാരി മേളത്തിന്‍റെ അവസാന ഘട്ടത്തില്‍ (അഞ്ചാം കാലത്തില്‍) ഒരു താളവട്ടത്തിനു വേണ്ട സമയമാണ്. ഇതിന്‍റെ ഇരട്ടിയായ പന്ത്രണ്ട് അക്ഷരകാലമാണ് നാലാം കാലത്തിലെ താളവട്ടത്തിന്‍റെ ദൈര്‍ഘ്യം. ഒന്നാം കാലം എന്ന പതിവ് കാലത്തില്‍ ഒരു താളവട്ടത്തിന് 96 അക്ഷര കാലം വരും. പഞ്ചാരി മേളം ചെണ്ടമേള പ്രിയര്‍ക്ക് ഏറ്റവും ആഹ്ലാദം പകരുന്ന മേളമാണ്.

ഇത് ശാസ്ത്രീയമായി കൊട്ടിത്തീരാന്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ വേണ്ടിവരും. എല്ലാ കാലങ്ങളും (നിലകളും) ഏതാണ്ടൊന്ന് കൊട്ടിയൊപ്പിക്കണം എങ്കില്‍ തന്നെ രണ്ട് മണിക്കൂര്‍ വേണം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ 24 അക്ഷരകാലമുള്ള മൂന്നാം നില മുതലാണ് കൊട്ടിത്തുടങ്ങുക. മറിച്ചുകൊട്ടുക എന്നാണ് ഈ സമ്പ്രദായത്തിനു പേര്‍. തീരെ ചുരുങ്ങിയ സമയം കൊണ്ട് പഞ്ചാരി മേളം വേണ്ടിവരുമ്പോള്‍ അഞ്ചാം കാലം എന്ന പതിവ് കാലം കൊട്ടുന്ന പതിവും ഇല്ലാതില്ല.

.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :