കേരളത്തില്‍ മൂന്നാം ബദല്‍ അനിവാര്യം: മോഡി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നാം ബദല്‍ അനിവാര്യമാണെന്ന് നരേന്ദ്രമോഡി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിച്ച് ബി.ജെ.പി ശംഖുംമുഖത്ത് ഒരുക്കിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി കേരളത്തില്‍ ജുഗല്‍ബന്ദി കളിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ദുര്‍ഗതിക്ക് കാരണം മാറിമാറി ഭരിക്കുന്ന ഇരുമുന്നണികളുടെയും സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവര്‍ഷം നിങ്ങള്‍ ഭരിച്ചുമുടിച്ചോ, അടുത്ത അഞ്ചുവര്‍ഷം ഞങ്ങള്‍ ഭരിച്ചുമുടിക്കാമെന്നാണ് ഇരുമുന്നണികളും പരസ്പരം പറയുന്നത്. ഈശ്വര ഭൂമിയായ ഇവിടം വിട്ട് ലക്ഷക്കണക്കിന് യുവാക്കള്‍ വിദേശത്ത് തൊഴില്‍ തേടി പോകേണ്ട സ്ഥിതിയാണ്. കേരളത്തില്‍ ഈ ദുര്‍ഗതിക്ക് ബി.ജെ.പി കാരണക്കാരല്ല.

യു.ഡി.എഫും എല്‍.ഡി.എഫും തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കളിക്കുന്ന നിഴല്‍യുദ്ധം അവസാനിപ്പിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നാം ബദല്‍ ഇവിടെ ഉണ്ടാവണം. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴും നാടകം കളിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്റെ വിധവയ്ക്ക് ഭര്‍ത്താവിന്റെ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ തെരുവില്‍ കുത്തിയിരിക്കേണ്ടി വന്നത് ഇരുമുന്നണികളും തമ്മിലെ നാടകം കാരണമാണ്. ഈ ഘട്ടത്തില്‍ കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ ശക്തികളെ പുറത്ത് കൊണ്ടുവരാനാണ് കേരളത്തിലെ സഹോദരിമാര്‍ പ്രാര്‍ത്ഥിക്കേണ്ടത്.

കാര്‍ഷികമേഖലയിലെ യന്ത്രവത്കരണത്തെ എതിര്‍ത്ത ഇടതുപക്ഷം കേരളത്തിലെ കാര്‍ഷികതളര്‍ച്ചയ്ക്ക് കളമൊരുക്കി. ലോകമാകെ വിവരസാങ്കേതികവിദ്യയില്‍ വിപ്ലവം വിരിയിച്ചപ്പോള്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെപ്പറ്റി ചിന്തിക്കാതിരുന്ന കമ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടറിനെ എതിര്‍ത്തു. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അമേരിക്കന്‍ ചാരന്മാരാണെന്ന് പ്രചരിപ്പിച്ചവര്‍ ഇന്ന് എ.കെ.ജി സെന്ററിലും ലെനിന്‍ സെന്ററിലും കമ്പ്യൂട്ടര്‍ നിറച്ചിരിക്കുകയാണ്.

ജയകൃഷ്ണന്‍ വധക്കേസിലും മാറാട് കൂട്ടക്കൊലക്കേസിലുമെല്ലാം തെളിവ് പുറത്ത് വരാതിരിക്കാന്‍ കാരണവും ഒത്തുകളിയാണ്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്നാല്‍ 60 മാസം കൊണ്ട് കേരളം എങ്ങനെ വികസിപ്പിക്കാമെന്ന് കാണിച്ചുതരാമെന്ന മോഡിയുടെ പ്രഖ്യാപനം പ്രവര്‍ത്തകര്‍ ആരവത്തോടെ ഏറ്റുവാങ്ങി. ഇത്തവണ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നത് ബി.ജെ.പി ആണെന്ന് ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിന് നൂറുദിവസം കൂടി മാത്രം കാത്തിരുന്നാല്‍ മതി. ആ സര്‍ക്കാരില്‍ കേരളത്തിന് പങ്കാളിത്തമുണ്ടാവണം.

മൂന്നരക്കോടി ജനതയുള്ള കേരളത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നാകെ നാലുകോടിയില്‍പ്പരം ജനങ്ങളാണ് ശബരിമലയില്‍ വര്‍ഷാവര്‍ഷമെത്തുന്നത്. എന്നാല്‍ അതിനെ ടൂറിസംവികസനരംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് വഴി തെറ്റിപ്പോകുന്ന ചെറുപ്പക്കാര്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഇവരെ നേരായ വഴിക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം അധികാരികള്‍ക്കില്ലെന്ന് നരേന്ദ്രമോഡി പറഞ്ഞു.

1998 ല്‍ കേരളത്തിലും ഗുജറാത്തിലും ഒരുമിച്ചാണ് എല്‍.എന്‍.ജി ടെര്‍മിനലിന് അനുമതി ലഭിച്ചത്. ഗുജറാത്തില്‍ 2004 ല്‍ അത് പൂര്‍ത്തിയാക്കി. 2014 ആയിട്ടും കേരളത്തില്‍ വന്നില്ല. ഗുജറാത്തില്‍ 2000 കോടിക്ക് പൂര്‍ത്തിയായ പദ്ധതി കേരളത്തിലിപ്പോള്‍ 4500 കോടി മുടക്കിയാലും നടക്കാത്ത സ്ഥിതിയാണെന്നും മോഡി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ് മുഖ്യാതിഥി ആയി. പാര്‍ട്ടി ഉപാധ്യക്ഷന്‍ ബംഗാരു ദത്താത്രേയ, ദേശീയ നേതാക്കളായ സുബ്രഹ്മണ്യസ്വാമി, പി. കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍, സി. കെ. പദ്മനാഭന്‍, കെ. വി ശ്രീധരന്‍ , കെ. സുരേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :