‘ഏകഭാരതം ശ്രേഷ്ഠഭാരതം‘; ബിജെ‌പിയുടെ മുന്‍‌ഗണന വികസനത്തിനും സാമ്പത്തിക കുതിപ്പിനും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഒന്നാം ഘട്ട പോളിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞശേഷം ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും അടക്കമുള്ള മുഴുവന്‍ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് പ്രകടനപത്രിക അവതരിപ്പിച്ചത്.

സാമ്പത്തികമായും വ്യാവസായികമായും ഇന്ത്യയുടെ കുതിപ്പിന് ഊന്നല്‍ നല്‍കുക എന്നതാണ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. ഉല്‍‌പാദന, കാര്‍ഷിക, തൊഴില്‍, ഐടി മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനവും ഉറപ്പുവരുത്തുമെന്നും പത്ത് വര്‍ഷം കൊണ്ട് നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ഭരണഘടന ചട്ടക്കൂടില്‍ നിന്ന് രാമക്ഷേത്രം നിര്‍മിക്കും.

ബഹുബ്രാന്‍ഡ് ചില്ലറ വിപണന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ല. സുതാര്യതയും ഇ ഗവേര്‍ണന്‍സും നടപ്പാക്കാന്‍ പൊലീസിലും ജുഡീഷ്യറിയിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രകടന പത്രിക തയാറാക്കിയ സമിതിയുടെ അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി വ്യക്തമാക്കി.

മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിമാരുടേതിന് തുല്യമായ അവകാശങ്ങള്‍ കൈവരുന്ന തരത്തിലുള്ള സംവിധാന വിഭാവനം ചെയ്യുന്ന പ്രകടനപത്രിക സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം വാഗ്ദാനം ചെയ്യുന്നു. വിദേശ വ്യാപാര, വാണിജ്യ കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ കൂടുതല്‍ പങ്കാളികളാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക പരിപാടി, തൊഴില്‍, വ്യവസായം, അഴിമതി നിര്‍മാര്‍ജനം, കള്ളപ്പണം തിരിച്ചുകൊണ്ടുവരല്‍, വിലക്കയറ്റം തടയാന്‍ ആസൂത്രണരീതിയില്‍ മാറ്റം വരുത്തും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉയര്‍ന്ന ജീവിത നിലവാരം, കൃഷിയെ പുഷ്ടിപ്പെടുത്തല്‍, യുവാക്കളെ ശക്തിപ്പെടുത്തും. നികുതി ഘടന ലളിതമാക്കും, ചരക്കു സേവന നികുതി നടപ്പിലാക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നത്.

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളോടു ചേര്‍ന്നുള്ള നിയന്ത്രണ രേഖയില്‍ ശക്തമായ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദ പ്രവര്‍ത്തനത്തെ നേരിടും. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ മികച്ച വികസനം കൊണ്ടുവരും, കശ്മീരി പണ്ഡിറ്റുകള്‍ക്ക് തിരികെ വരാന്‍ സൌകര്യമൊരുക്കും. പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. സീമാന്ധ്രയ്ക്ക് നീതി ലഭ്യമാക്കും. തെലങ്കാനയ്ക്കും സീമാന്ധ്രയ്ക്കും മികച്ച വികസനം ലഭ്യമാക്കും.

ശക്തമായ ലോക്പാല്‍ സംവിധാനം കെട്ടിപ്പെടുത്തും. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സംവിധാനം. ഗ്രാമങ്ങളിലും നഗരങ്ങളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും ഐടി അടിസ്ഥാനമാക്കിയുള്ള തൊഴില്‍ ലഭ്യമാക്കും. ഗുജറാത്തിലെ ഇ - ഗ്രാമം, വിശ്വ ഗ്രാമം പദ്ധതി രാജ്യവ്യാപകമാക്കും. ഇന്ത്യന്‍ ഭാഷകളില്‍ ഐടി വികസനം സാധ്യമാക്കും. രാജ്യത്തെ കൂട്ടിയോജിപ്പിക്കാന്‍ ഹൈ സ്പീഡ് ഡിജിറ്റല്‍ ഹൈവേകള്‍ സാധ്യമാക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :