ലളിതാംബിക അന്തര്‍ജ്ജനം ജീവിത രേഖ

WEBDUNIA|
കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്‌ക്കടുത്ത് കോട്ടവട്ടത്ത് 1909 മാര്‍ച്ച് 30 ന് ജനിച്ചു. പിതാവ്:ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന കോട്ടവട്ടത്ത് ഇല്ലത്ത് കെ.ദാമോദരന്‍ പോറ്റി. അമ്മ:നങ്ങയ്യ അന്തര്‍ജ്ജനം.

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വീട്ടിലിരുന്ന് ഗുരുക്കന്‍‌മാരുടെ അടുത്ത് നിന്ന് സംസ്‌കൃതവും മലയാളവും പഠിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം നേടി. പുനലൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ശാരദ മാസികയുടെ 1923 സെപ്റ്റംബറില്‍ ലക്കത്തില്‍ വന്ന അഭിനവ ‘പാര്‍ത്ഥ സാരഥി‘യാണ് ആദ്യ പ്രകാശിത രചന.

ആദ്യത്തെ ചെറുകഥ മലയാളരാജ്യത്തില്‍ പ്രസിദ്ധപ്പെടുത്തിയ ‘യാത്രാവസാനം‘. 1927 ല്‍ മീനച്ചില്‍ താലൂക്കില്‍ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍ നമ്പൂതിരി ലളിതാംബിക അന്തര്‍ജ്ജനത്തെ വിവാഹം കഴിച്ചു.

പ്രശസ്ത കഥാകൃത്ത് എന്‍.മോഹനന്‍ ഉള്‍പ്പെടുന്ന ഏഴു മക്കള്‍. തിരുവിതാം‌കൂര്‍ ഭാഗത്ത് നമ്പൂതിരി സമുദായത്തില്‍ നടന്ന പരിഷ്‌കരണ പരിപാടികളില്‍ ആദ്യകാലത്ത് അന്തര്‍ജ്ജനവും പങ്കെടുത്തിരുന്നു.

കേരള സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹക സമിതി അംഗവും വൈസ് പ്രസിഡന്‍റുമായിരുന്നു. കുറച്ചു കാലം ആക്‍ടിങ്ങ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്‍ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു.

1973 ല്‍ സീത മുതല്‍ സത്യവതി വരെ എന്ന പഠനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അഗ്നിസാക്ഷി എന്ന ഏക നോവലിന് 1977 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ സമ്മാനം, ആദ്യത്തെ വയലാര്‍ അവാര്‍ഡ് എന്നിവയെല്ലാം ലഭിച്ചു.

1987 ഫെബ്രുവരി ആറിന് അന്തര്‍ജ്ജനം അന്തരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :