സൌന്ദര്യവും അനുഷ്ഠാനവും ഉള്‍ച്ചേര്‍ന്ന കവിത

കടമ്മനിട്ടയുടെ കവിതകളെ കുറിച്ച്

kadammanitta Ramakrishnan
WDWD
ഗ്രാമീണവും അനുഷ്ഠാനപരവുമായ സാംസ്കാരിക പാരമ്പര്യം നിറഞ്ഞ കാവ്യ രീതിയിലൂടെ ആധുനിക ഭാവുകത്വത്തെ മൂശയിലിട്ട് വാര്‍ത്ത കവിയാണ് കടമ്മനിട്ട രാമകൃഷ്ണന്‍. നാടോടികളുടെയും കീഴാള ജാതിക്കാരുടെയും ജീവിത സംസ്കാരവും നാഗരീകത ഗ്രസിച്ച ഗ്രാമങ്ങളുടെ അനുഭവത്തെയും കടമ്മനിട്ട കാവ്യങ്ങളില്‍ അവതരിപ്പിച്ചു.

ജനകീയമായ ഒരു കാവ്യധാരയായിരുന്നു കടമ്മനിട്ടയുടേത്. കവിത എഴുതി വായിക്കുക, മനനം ചെയ്യുക എന്ന പരിഷ്കൃത സമ്പ്രദായത്തിന് വിരുദ്ധമായി കവിത ഉച്ചത്തില്‍ വായിക്കുകയും ആ വായനയിലൂടെ മറ്റൊരു തേജോമയമായ അനുഭവ തലം ഉണ്ടാക്കുകയും ചെയ്യാനായിരുന്നു കടമ്മനിട്ടയുടെ ശ്രമം.

കവി ഒരു വ്യക്തി, അദ്ദേഹത്തിന്‍റെ അനുഭവം, വ്യക്തിഗതമായ കവിതയാവുന്നു എന്ന വ്യക്തി കേന്ദ്രീകൃതമായ കാവ്യരചനാ സമ്പ്രദായത്തെ ഉപേക്ഷിച്ച് സ്വകീയമായ അനുഭവങ്ങള്‍ ഒരു ജനതയുടെ വികാരവും അനുഭവവും ആക്കി മാറ്റുക എന്ന ദൌത്യമായിരുന്നു കടമ്മനിട്ട കവിതകള്‍ നിര്‍വഹിച്ചത്.

കവിയരങ്ങുകളും കാവ്യകേളികളും മാത്രമല്ല ചൊല്‍ക്കാഴ്ചകളും ചൊല്ലരങ്ങുകളും നടത്തി കടമ്മനിട്ട ആധുനിക കവിതയെ ഹൃദ്യവും ജനഹിതപ്രദവും ആക്കി മാറ്റി. ഈയൊരു മാറ്റത്തില്‍ അയ്യപ്പ പണിക്കര്‍ തുടങ്ങിയ മറ്റ് പല പ്രമുഖര്‍ക്കും നേതൃസ്ഥാനത്തുണ്ടായിരുന്നത് കടമ്മനിട്ടയായിരുന്നു.

കടമ്മനിട്ട കവിതകളുടെ മറ്റൊരു പ്രധാന സവിശേഷത അതിലെ ദ്രാവിഡ പ്രഭാവവും വാക്കുകളുടെ ഗ്രാമത്തനിമയും ആയിരുന്നു. ദേവീദേവതാ സങ്കല്‍പ്പങ്ങളില്‍ പോലും പച്ചയായ വാക്കുകളുടെ സൌമ്യതയും രൌദ്രതയും സൌരഭ്യവും ശക്തിയും നിറയ്ക്കാന്‍ കടമ്മനിട്ടയ്ക്ക് കഴിഞ്ഞു.

T SASI MOHAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :