സാറാ തോമസിന് പിറന്നാള്‍

പീസിയന്‍

WEBDUNIA|

നാര്‍മടിപ്പുടവയുടേയും ദൈവമക്കളുടേയും കഥാകാരിയായ സാറാ തോമസിന് ഇന്ന് -- സപ്റ്റംബര്‍ 14 ന്-പിറന്നാള്‍. അവരുടെ സപ്തതിയും വിവാഹത്തിന്‍റെ 50ാം വാര്‍ഷികവും 2004 ല്‍ ആയിരുന്നു .

നാട്യമില്ലാത്ത എഴുത്തുകാരിയാണ് സാറാ തോമസ് . ""എഴുത്തിന്‍റെ പൂന്തോട്ടത്തില്‍ രാജകുമാരന്മാര്‍ ശ്രദ്ധിച്ചിരുന്ന ഒരു പൂവായിരുന്നില്ല ഞാന്‍. വേലിപ്പടര്‍പ്പില്‍ വളര്‍ന്ന ചെടി. എന്നിട്ടും വാടാതെ നിന്നത് വഴിപോക്കരായ വായനക്കാരുടെ സൗഹൃദം കൊണ്ടുമാത്രം'' സാറാ തോമസ് പറയുന്നു.

ജീവിതത്തിന്‍റെ നേരുകള്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ കഥകളും നോവലുകളും 35 കൊല്ലത്തെ എഴുത്തിലൂടെ അവര്‍ സമ്മാനിച്ചു. അനുഭവങ്ങളുടെ മണമുള്ളതാണ് അവരുടെ കഥകള്‍. ഭര്‍ത്താവ് ഡോ. തോമസ് സക്കറിയയുടെ രോഗികളായി വീട്ടില്‍ എത്തുന്നവരില്‍ നിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്.

തമിഴ് ബ്രാഹ്മണരുടെ അവസ്ഥ ചിത്രീകരിച്ച "നാര്‍മടിപ്പുടവ'യാണ് സാറാ തോമസിനെ മലയാളസാഹിത്യത്തിന്‍റെ മുന്‍നിരയിലെത്തിച്ചത്. ദളിതരുടെ കഥ "ദൈവമക്കളി'ലൂടെ ആവിഷ്കരിച്ച അവര്‍ മുക്കുവരുടെ ജീവിതം "വലക്കാരി'ലൂടെയും നമ്പൂതിരി സമുദായത്തിലെ വിധവകളായ കന്യകമാരെ "ഉണ്ണിമായയുടെ കഥ'യിലൂടെയും ആവിഷ്കരിച്ച് ജനപ്രീതി നേടി.

17 നോവലുകളും "തെളിയാത്ത കൈരേഖകള്‍', "ഗുണിതം തെറ്റിയ കണക്കുകള്‍', "പെണ്‍മനസ്സുകള്‍', "സാറാ തോമസിന്‍റെ കഥകള്‍' തുടങ്ങി ഏഴ് കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണ ഗ്രന്ഥവും സാറാതോമസിന്‍റേതായുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :