മിണ്ടാത്ത കേരള സാഹിത്യകാരന്‍‌മാര്‍

WEBDUNIA|
മൂന്ന് കോടി ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാഷയാണെങ്കിലും ഇതു വരെ ഇവിടത്തെ സാഹിത്യത്തിന് നോബല്‍ സമ്മാനം ലഭിച്ചിട്ടില്ലെങ്കിലും സാഹിത്യ ഭൂപടത്തില്‍ ചെറുതല്ലാത്ത സ്ഥാനം നമ്മുടെ സാഹിത്യകാരന്‍‌മാര്‍ക്കുണ്ട്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്നവരാണ് നമ്മുടെ സാഹിത്യക്കാരന്‍‌മാര്‍.

സാമൂഹികമായ ഇടപെടലും നടത്തുന്നവരായിരുന്നു നമ്മുടെ സാഹിത്യകാരന്‍‌മാര്‍. ഗുജറാത്ത് കലാപ സമയത്ത് മികച്ച രീതിയില്‍ നമ്മുടെ സാഹിത്യകാരന്‍‌മാര്‍ ഇടപെടലുകള്‍ നടത്തി. എന്നാല്‍, ഇപ്പോള്‍ നമ്മുടെ സാഹിത്യകാ‍രന്‍‌മാര്‍ മൌനികളാണ്. നന്ദിഗ്രാമില്‍ അക്രമണം നടക്കുന്നത്, തസ്ലീമയെ ഇടതുപക്ഷം കൈവിട്ടത്. ഇവയൊന്നും നമ്മുടെ സാഹിത്യക്കാരന്‍‌മാരെ ബാധിച്ചിട്ടില്ല. അല്ലെങ്കില്‍ അവര്‍ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.

ചുവപ്പ് കാണുമ്പോള്‍ കാളകള്‍ക്ക് വെറളി പിടിക്കാറുണ്ട്. എന്നാല്‍, കേരളീയ സാഹിത്യകാരന്‍‌മാര്‍ ഇപ്പോള്‍ ചുവപ്പ് കണ്ടാല്‍ നിശബ്‌ദരാകുകയാണ് പതിവ്. ബംഗാളില്‍ ബുദ്ധിജീവികളും കലാകാരന്‍‌മാരും നന്ദിഗ്രാം സംഭവത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുമ്പോള്‍ ഇവിടെ സാഹിത്യക്കാരന്‍‌മാര്‍ സ്വപ്‌ന സ്വര്‍ഗത്തില്‍ ഉല്ലസിച്ച് ജീവിക്കുകയാണ്.

എല്ലാ ജീവജാലങ്ങളെയും സ്‌നേഹിക്കുന്നവനായിരിക്കും എഴുത്തുക്കാരന്‍. അഗാധമായ മനുഷ്യ സ്‌നേഹമാണ് കലയുടെ അടിത്തറ. തങ്ങളുടെ കൃതികളിലൂടെ മനുഷ്യ സ്‌നേഹം വ്യക്തമാക്കിയ നിരവധി എഴുത്തുക്കാര്‍ നമ്മുടെ ഭാഷക്ക് സ്വന്തമായുണ്ട്. നന്ദിഗ്രാം, തസ്ലീമ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ സാഹിത്യകാരന്‍‌മാര്‍ നടത്താതെയിരിക്കുന്നത് ഒരു കാര്യം വ്യക്തമാക്കുന്നു. കൃതികളില്‍ പ്രകടമാക്കിയ മനുഷ്യ സ്‌നേഹം ‘മനുഷ്യ സ്‌നേഹി’ പരിവേഷം ലഭിക്കുവാന്‍ ഉപയോഗിച്ചതാണെന്ന്.

മഹാശ്വേതദേവി, അപര്‍ണസെന്‍ തുടങ്ങിയ കലാകാരന്‍‌മാര്‍ പശ്ചിമബംഗാള്‍ ഭരണകൂടത്തിനു നേരെ തുറന്ന യുദ്ധം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളമെന്ന ഭൂമികയുടെ അതിര്‍ത്തി വിട്ട് ചിന്തിക്കുവാനും അഭിപ്രായങ്ങള്‍ പറയുവാനും വായനയും മൌലിക ചിന്തയുമുള്ള സാഹിത്യകാരന്‍‌മാര്‍ പോലും മറന്നാല്‍ എന്തായിരിക്കും സാധാരണക്കാരുടെ നില?

നമ്മളെന്ന പ്രപഞ്ചത്തില്‍ മാത്രം കുടുങ്ങിയിരിക്കുന്ന ഈ കാലത്തിന്‍റെ ശാപം. അതിനെക്കുറിച്ച് നാഴികക്ക് നാല്‍പ്പതു വട്ടം അലറിവിളിക്കുന്നവരാണ് നമ്മുടെ എഴുത്തുക്കാര്‍. വൈരുദ്ധ്യമെന്ന് പറയട്ടെ ഇപ്പോള്‍ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :