നെരൂദയില്ലാത്ത ലോകം

WEBDUNIA|


ഏകാന്തതയുടെയും മരണത്തിന്‍റെയും കാമത്തിന്‍റെയും കവിയാണ് പാബ്ളോ നെരൂദ. വിശ്വമഹാകവികളിലൊരാളായ പാബ്ളോ നെരൂദ എന്ന നെഫ്തലി റിക്കാര്‍ഡോ റെയ്സ് ബസ്വാല്‍ടോയുടെ സാഹിത്യസംഭാവനകള്‍ അനശ്വരമാണ്. അദ്ദേഹത്തിന്‍റെ പിറന്നാളാണ് ജൂലായ് 12ന്

ചിലിയിലെ ഗ്രാമത്തിലായിരുന്നു ജനനം . കവിതകളെയും ഓര്‍മ്മക്കുറിപ്പുകളെയും വേര്‍തിരിക്കുന്ന നേര്‍ത്ത അതിരുകള്‍ പലപ്പോഴും അപ്രസക്തമാണ്. ചിന്ത കവിതയാക്കുകയും കവിതയിലൂടെ ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍, കവി, അങ്ങനെയൊരാള്‍ക്കേ നെരൂദയാകാനാവൂ.

അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അടിമത്തത്തിനെതിരെ സാമ്രാജ്യത്തത്തിനെതിരെ, യുദ്ധത്തിനും കലാപങ്ങള്‍ക്കുമെതിരെ, ഒച്ചവെക്കുകയും, മര്‍ദ്ദിതരുടെയും തൊഴിലാളികളുടെയും ഉന്നതിക്കുവേണ്ടി പാടുകയും ചെയ്ത വിശ്വമഹാകവി നെരൂദക്ക് പക്ഷെ സ്വന്തം നാട്ടില്‍ ഈ ഛിദ്രശക്തികള്‍ വേരോടുന്നതു കണ്ട് വേദനിച്ചു മരിക്കാനായിരുന്നു വിധി.

മാനവികതയുടെ; വിപ്ളവത്തിന്‍റെ കവി

സ്പെയിനിലദ്ദേഹം ചെലവഴിച്ച കാലത്ത്, രാഷ്ട്രീയ അട്ടിമറികളും അധിനിവേശങ്ങളും അടിച്ചമര്‍ത്തലുകളും നെരൂദ കണ്ടു. മുസ്സോളിനിയും ഹിറ്റ്ലറും നേതൃത്വം നല്‍കുന്ന ഫാസിസ്റ്റുകള്‍ സ്പെയിനിലെ തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതു കണ്ടു. തന്‍റെ ആത്മമിത്രങ്ങളായ മഹാകവി ലോര്‍ക്കയേയും സാംസ്കാരിക പ്രവര്‍ത്തക രേയും ഫാസിസ്റ്റുകള്‍ കൊല്ലുന്നത് കണ്ടു.

ജീവിതത്തിന്‍റെ ദുരന്താനുഭവങ്ങള്‍ എന്നപോലെ പ്രകൃതിയുടേയും നാടിന്‍റേയും പ്രേമത്തിന്‍റേയും സൗന്ദര്യം വാഴ്ത്താനും നെരൂദക്ക് കഴിഞ്ഞു. സമരവീര്യമാര്‍ന്ന കവിതകളാണ് പക്ഷെ നെരൂദയെ വിശ്വമാനവ കവിയാക്കി വളര്‍ത്തിയത്.

മാനവികതയുടെ മഹാകവിയെന്നും വിപ്ളവത്തിന്‍റെ മഹാകവിയെന്നും നെരൂദയെ വിശേഷിപ്പിക്കുന്നു. മാര്‍ക്സിയന്‍ ആദര്‍ശത്തിന്‍റെ പൊന്‍ നൂലിഴകളായിരുന്നു അദ്ദേഹത്തിന്‍റെ കവിതാ മുത്തുകളെ കൂട്ടിയിണക്കി മനുഷ്യസ്നേഹത്തിന്‍റെ ഹാരമാക്കി മാറ്റിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :