കുളമ്പുറം മൂത്താര്

WEBDUNIA|
പാടപ്പറമ്പ് മനയില്‍ തളച്ചിട്ടിരിക്കുന്ന കുഞ്ച്വാന. വെള്ളരി മാവിന്‍റെ തണലില്‍ നില്‍ക്കുന്ന അവന്‍റെ നാട്ടക്കീഴില്‍ തോര്‍ത്ത് വിരിച്ചുറങ്ങുന്ന വേറൊരു കുട്ട്യാന. പടിപ്പുരകളില്‍ പാട്ടം പിരിവ് നടക്കാത്ത ശീട്ടാധാരങ്ങളില്‍ നിന്ന് കുടിയിറക്കിന്‍റെ നോവും കണ്ണീരും ഒരുക്കൂട്ടുന്ന കാര്യക്കാരന്‍.

ഉച്ചയൂണിന് കൂട്ടും മെഴുക്കുപുരട്ടിയും മൊളോഷ്യവുമൊരുക്കാന്‍ വെട്ടിനുറുക്കിയ കഷ്ണക്കൂനകള്‍, വടിച്ചുണ്ണാനുള്ള ഇലക്കൂമ്പുകള്‍, വെടിപറയുന്ന കുംഭസ്വരങ്ങള്‍, ഇരുന്നും കിടന്നും തേഞ്ഞു മിനുത്ത പൂമുഖപ്പടികള്‍, അകത്തുള്ളാള്‍ക്ക് കാണാനാവാത്ത ദീര്‍ഘ കോമളന്‍റെ മിഴിയേറു കൊണ്ട് പുളഞ്ഞുപൊള്ളുന്ന വാല്യക്കാരത്തി അമ്മാരു വൃത്തങ്ങള്‍, എണ്ണതേച്ചു കുളിച്ചു നിന്ന് രാത്രിക്ക് പ്രാര്‍ഥിക്കുന്ന കുളക്കടവു സന്ധ്യകള്‍......

നിലാവിനിണ ചേരാന്‍ നിഴല്‍ക്കൂട്ടങ്ങളുള്ള കുളക്കരകള്‍, നീലജ-ലത്തിലെ പ്രതിബിംബമിളക്കി കീറിമുറിക്കുന്ന വെള്ളിലാരാവുകള്‍, അത്തിമരങ്ങളില്‍ മധുരം നുണയുന്ന സര്‍പ്പയാമങ്ങള്‍, പാലക്കീഴിലെ യക്ഷിഗന്ധങ്ങള്‍, ദാരിദ്യ്രപ്പിഴവുകള്‍, ക്ഷേത്രനടയിലെ ഉല്‍സവച്ചുണ്ടുകള്‍ ചെണ്ടകൊട്ടുന്ന കാമഹൃദയങ്ങള്‍, വിളക്കു കൊളുത്തിന് തെളിഞ്ഞൂ നില്‍ക്കുന്ന കണ്ണുകള്‍, ശീലാന്തികളില്‍ ഏറ്റുപിടയുന്ന നിശ്വാസങ്ങള്‍, ഊട്ടുപുരപ്പടികളില്‍ കാത്തു കിടക്കുന്ന ഊഴങ്ങള്‍, വിശപ്പുകൊണ്ട് കൊമ്പുവിളിക്കുന്ന അന്നനാളങ്ങളുടെ കാത്തിരിപ്പുകള്‍........

ഇവയ്ക്കിടയില്‍ നിന്ന് നടുനിവര്‍ന്ന് അരക്കെട്ടുകെട്ടി, തലയുയര്‍ത്തി പൗരുഷത്തിന്‍റെ ഗോപുരച്ചന്തമായ ഒരു സ്വരൂപം.ആഢ്യത്വത്തിന്‍റെ എച്ചില്‍ക്കൂനകള്‍ക്കു മുകളില്‍ ദാരിദ്യ്രത്തിന്‍റെ കാലുകള്‍ ഉയര്‍ത്തിച്ചവിട്ടി, സാഹോദര്യത്തിന്‍റെ മറുഭാഗം തിരഞ്ഞ്, വഴിതെറ്റി വെട്ടു ഗ്ളാസിന്‍റെ ഭയസൗജന്യങ്ങള്‍ ഏറ്റുവാങ്ങി, പിന്നെപ്പിന്നെ വിലയ്ക്കുവാങ്ങി, ഇല്ലാത്തവനായപ്പോള്‍ അവസാനം ഒന്നും വാങ്ങാനാഗ്രഹിക്കാതെ പൊലിഞ്ഞു പോയൊരു കുളമ്പുറം മൂത്താര്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :