കുട്ടികൃഷ്ണമാരാര്‍: സാഹിത്യലോകത്തെ വിസ്മയം

WEBDUNIA|
മലയാള സാഹിത്യ തറവാട്ടിലെ കാരണവരായിരുന്നു കുട്ടികൃഷ്ണമാരാര്‍. പരിചയപ്പെടുത്തലോ വിശേഷണങ്ങളോ ആവശ്യമില്ലാത്ത പണ്ഡിതന്‍.

സാഹിത്യ നിരൂപണത്തിലും വിവര്‍ത്തനത്തിലും ഇന്നും മാരാരുടെ ശൈലിയെ അവസാനവാക്കായി കാണുന്നു.

1900 ജൂണ്‍ 14നാണ് കെ.എം. കുട്ടികൃഷ്ണമാരാര്‍ ജനിച്ചത്. 1973 ഏപ്രില്‍ ആറിന് മാരാര്‍ അന്തരിച്ചു.ദാരിദ്യ്രം കാരണം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സംസ്കൃത വിദ്യാഭ്യാസം നേടിയ മാരാര്‍ 1923 ലെ സാഹിത്യ ശിരോമണി പരീക്ഷ വിജയിച്ചു.

വള്ളത്തോളുമായുള്ള നിറഞ്ഞ സൗഹൃദം മാരാരുടെ സാഹിത്യജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വള്ളത്തോളിനോടൊപ്പം കലാമണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

മാതൃഭൂമി പത്രത്തില്‍ ദീര്‍ഘകാലം പ്രൂഫ് റീഡറായിരുന്നു മാരാര്‍. അന്ന് പ്രൂഫ് വായനക്കാര്‍ക്ക് പത്രപ്രവര്‍ത്തകന്‍റെ പദവിയോ ബഹുമാനമോ ഇല്ലാതിരുന്നിട്ടും മാരാര്‍ അവിടെത്തന്നെ കഴിച്ചുകൂട്ടി.

അത് ഭാഷാസേവനത്തിന്‍റെ മറ്റൊരു മുഖമായിരുന്നു. മലയാള പത്രഭാഷയെ ഓളവും തെളിവുമുള്ളതാക്കി മാറ്റുക എന്ന നിശബ്ദ കര്‍മ്മമായിരുന്നു മാരാര്‍ അനുഷ്ഠിച്ചത്.

1942ല്‍ പുറത്തിറങ്ങിയ മലയാള ശൈലിയാണ് കുട്ടികൃഷ്ണമാരാരുടെ ആദ്യകൃതി. ഭാഷാ പരിചയം, വൃത്തശില്പം എന്നീ കൃതികള്‍ ഭാഷാപഠിതാക്കള്‍ക്ക് ഏറെ സഹായകമാണ്.

സാഹിത്യ സല്ലാപം, രാജാങ്കണം, സാഹിത്യവിദ്യ, ചര്‍ച്ചായോഗം എന്നിവ കുട്ടികൃഷ്ണ മാരാരുടെ പ്രധാന നിരൂപണ ഗ്രന്ഥങ്ങളാണ്. രഘുവംശം, മേഘസന്ദേശം, ശാകുന്തളം എന്നീ കാളിദാസ കൃതികള്‍ മാരാര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

വിവേകാനന്ദ സാഹിത്യ സര്‍വസ്വവുമായും ശ്രീരാമകൃഷ്ണ പരമഹംസരുമായും ഉള്ള ബന്ധം വിശിഷ്ടങ്ങളായ മൂന്നു കൃതികള്‍ രചിക്കുവാന്‍ മാരാര്‍ക്ക് പ്രേരണയായി. ഋഷിപ്രസാദം, ഗീതാപരിക്രമണം, ശരണഗതി എന്നീ കൃതികള്‍ മലയാളികള്‍ ഇന്നും ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്നു.

ഭാരതപര്യടനവും, കല ജീവിതം തന്നെയും മലയാളി വായിച്ചറിഞ്ഞ അപൂര്‍വ്വ സാഹിത്യ വിസ്മയങ്ങളാണ്. കല ജീവിതം തന്നെ എന്ന കൃതി കുട്ടികൃഷ്ണ മാരാര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :