പാലക്കാട് യു ഡി എഫിന് കിട്ടിയതെങ്ങനെ? ശ്രീകൺ‌ഠനെ പോലും അമ്പരപ്പിച്ച ജയത്തിനു പിന്നിൽ?

Last Modified വ്യാഴം, 23 മെയ് 2019 (11:45 IST)
ഇടതുചെങ്കോട്ടയാണ് പാലക്കാട് മണ്ഡലം എന്ന് പറഞ്ഞാലും അത് തെറ്റാകില്ല. എന്നാൽ, പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ ജയമുറപ്പിച്ചിരിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ ശ്രീകണ്ഠനാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി രാജേഷിനെ 27,000ത്തിലധികം വോട്ടുകൾക്ക് പിന്നിലാക്കിയിരിക്കുകയാണ് ശ്രീകണ്ഠൻ.

യു ഡി എഫിന്റെ വന്‍ മുന്നേറ്റം ഇടതുകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചിരിക്കുകയാണ്. ശ്രീകണ്ഠൻ പോലും പ്രതീക്ഷിക്കാത്ത നേട്ടമാണ് പാലക്കാട് സംഭവിച്ചത്. എല്ലായിടങ്ങളിലും രാജേഷിനെ അമ്പേ പരാജയപ്പെടുത്തിയിരിക്കുകയാണ് ശ്രീകണ്ഠ്ൻ.

ശ്രീകണ്ഠന്റെ മുന്നേറ്റത്തിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പീഡനാരോപണം ഉന്നയിച്ച ഡിവൈഎഫ്‌ഐ വനിതാ നേതാവിനൊപ്പമായിരുന്നു എം ബി രാജേഷ് നിലയുറപ്പിച്ചത്. എന്നാൽ, പി കെ ശശി എംഎല്‍എയെ പിന്തുണച്ചവർക്ക് രാജേഷിന്റെ നിലപാടിനോട് കടുത്ത രോഷമുണ്ടായിരുന്നു. ഈ രോഷം വോട്ട് മറിക്കലിലേക്ക് കടന്നുവെന്നാണ് ഉയരുന്ന ആരോപണം.

അതോടൊപ്പം ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വോട്ടും വി കെ ശ്രീകണ്ഠന് ലഭിച്ചെന്നാണ് കരുതുന്നത്. കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയായി ബിജെപി നിശ്ചയിച്ചതോടെ നേരത്തെ സ്ഥാനാര്‍ത്ഥിയാവുമെന്ന് കരുതിയിരുന്ന ശോഭാ സുരേന്ദ്രന്‍ വിഭാഗം നിരാശയിലായിരുന്നു. ഈ വിഭാഗത്തിന്റെ വോട്ടും ശ്രീകണ്ഠന് ലഭിച്ചുവെന്നാണ് നിരീക്ഷണം.

എം. ബി രാജേഷ് ആദ്യം പാലക്കാട് മത്സരത്തിനിറങ്ങിയപ്പോള്‍ 2000ല്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചു കയറിയത്.എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം. പി വീരേന്ദ്ര കുമാറിനെ രാജേഷ് തറ പറ്റിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :