ചെങ്കോട്ടയില്‍ ജയരാജനെ നേരിടാന്‍ ആരുണ്ട് ?; കോണ്‍ഗ്രസ് അങ്കലാപ്പിൽ

ജയരാജനെ വാഴ്ത്താനാണോ വീഴ്ത്താനാണോ പാര്‍ട്ടി വടകരയിലെത്തിച്ചതെന്ന ചർച്ചകളും ഇതിനിടയിൽ നടക്കുന്നുണ്ട്.

Last Updated: വെള്ളി, 15 മാര്‍ച്ച് 2019 (18:01 IST)
പി ജയരാജനാണ് ഇത്തവണ സിപിഎമ്മിന്റെ വടകരയിലെ സ്ഥാനാർത്ഥി. കണ്ണൂർ-കോഴിക്കോട് മേഖലയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ പി.ജയരാജനുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. പി.ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുന്നതോടെ, വടകരയിലെ രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ചുള്ള അവലോകനം മറ്റൊരു ദിശയിലാണ് നീങ്ങുന്നത്.

2009ല്‍ വടകരയില്‍ പരാജയപ്പെട്ട പി സതീദേവിയുടെ സഹോദരനാണ് പി ജയരാജന്‍. ജയരാജനെ വാഴ്ത്താനാണോ വീഴ്ത്താനാണോ പാര്‍ട്ടി വടകരയിലെത്തിച്ചതെന്ന ചർച്ചകളും ഇതിനിടയിൽ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും എൽഡിഎഫ് വീണ്ടും വടകരയിൽ ചുവന്നകൊടി പാറിക്കുമെന്നും ജയരാജൻ പറയുന്നുണ്ട്. യുഡിഎഫ് സിറ്റിംഗ് സീറ്റായ തിരിച്ച് പിടിക്കുക എന്ന അഭിമാന പ്രശ്‌നവുമായാണ് ഇത്തവണ സിപിഎം പി ജയരാജനെ രംഗത്ത് ഇറക്കിയിരിക്കുന്നത്.

ടി പി ചന്ദ്രശേഖരൻ കൊലപാതകവും അരിയിൽ ഷുക്കൂർ വധവും തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നാണ് വിശ്വസിക്കുന്നത്. മരണത്തിന്റെ വ്യാപാരി എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ സിപിഎമ്മിന്റെ എതിരാളികൾ ജയരാജന് ഇട്ടിരിക്കുന്ന വിളിപ്പേര്. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ജില്ല്ലാ നേതൃത്വത്തിൽ നിന്നും ജയരാജനെ ഒഴിവാക്കാനുളള തന്ത്രമാണ് സ്ഥാനാർത്ഥി കുപ്പായമെന്ന വികാരവും ശക്തമാണ്. കണ്ണൂരിൽ നിന്നുളള പല സംസ്ഥാന നേതാക്കളും ജയരാജനോട് ശീതയുദ്ധത്തിലാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കും മുൻപ് ജില്ലാ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിനു ഒഴിയെണ്ടി വരും. പുതിയ സെക്രട്ടറിയെ നിയമിച്ചു കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ പരാജയമാണ് സംഭവിക്കുന്നതെങ്കിൽ പഴയ പദവി ലഭിക്കണമെന്നില്ല.


കഴിഞ്ഞ ഫെബ്രുവരിയിലാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടിയാണെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും, കണ്ണൂരിലെ എം.എസ്.എഫ് നേതാവായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പി. ജയരാജന്റെ പങ്ക് നേരത്തേ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും പി.ജയരാജന്റെ പങ്ക് പരിശോധിക്കപ്പെട്ടിട്ടുള്ളതാണ്. ഷുക്കൂര്‍ വധക്കേസിലെ സി.ബി.ഐ. കുറ്റപത്രത്തില്‍ കൊലക്കുറ്റം ചാര്‍ത്തപ്പെട്ടതിന്റെ കോലാഹലങ്ങള്‍ അടങ്ങുന്നതിനു മുന്‍പെയാണ് ജയരാജന്‍ വടകരയിലെ സി.പി.എം സ്ഥാനാർത്ഥിയായി എത്തുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :