വീരസ്മൃതികളുടെ ടിപ്പു കോട്ട

PROPRO
ചരിത്രപ്രധാനമായ നിര്‍മ്മിതികളുടെ സാനിധ്യം കൊണ്ട് അനുഗ്രഹീതമായ കേരളത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു ചരിത്ര സമാരകമാണ് ടിപ്പുവിന്‍റെ കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന പാലക്കാട് കോട്ട. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കാര്യക്ഷമമായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളില്‍ ഒന്നാണ് ടിപ്പുവിന്‍റെ കോട്ട.

സഹ്യാദ്രി താഴ്വാരത്തിലെ പാലക്കാടിന് മാമലകള്‍ കൊണ്ട് പ്രകൃതിയൊരുക്കിയ സംരക്ഷണത്തിന്‍റെ ചെറുരൂപമെന്നോണമാണ് ടിപ്പുവിന്‍റെ കോട്ട ഈ കൊച്ചു പട്ടണത്തിന് സുരക്ഷാ കവചമൊരുക്കുന്നത്. മലബാറിലേക്കും കൊച്ചിയിലേക്കും പടയോട്ടം നടത്തിയ മൈസൂര്‍ രാജാവ് ഹൈദരാലിയാണ് 1766ല്‍ ഈ കോട്ട നിര്‍മ്മിച്ചത്. പശ്ചിമ ഘടത്തിന്‍റെ ഇരു വശങ്ങളിലും ആശയ വിനിമയ സൌകര്യം ഒരുക്കുക എന്നതായിരുന്നു ഈ കോട്ട നിര്‍മ്മിച്ചതിലൂടെ ഹൈദരാലി ലക്‌ഷ്യമിട്ടിരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

പിന്നീട് ഹൈദരാലിയുടെ പിന്‍ഗാമിയായി രാജ്യഭാരമേറ്റ മകന്‍ ടിപ്പുവിന്‍റെയും പ്രധാന സൈനിക താവളങ്ങളില്‍ ഒന്നായിരുന്നു ഈ കോട്ട. ബ്രിട്ടീഷ് സൈന്യത്തിന് നേരെയുള്ള തന്‍റെ യുദ്ധങ്ങളില്‍ പലതിനും ടിപ്പു ഇവിടെ നിന്ന് നേതൃത്വം നല്‍കിയിരുന്നു.

ഒടുവില്‍ 1784ല്‍ പതിനൊന്നു ദിവസം നീണ്ട് നിന്ന ഒരു പോരാട്ടത്തിന് ഒടുവില്‍ ബ്രിട്ടീഷ് സൈന്യം ഈ കോട്ട പിടിച്ചെടുക്കുകയായിരുന്നു. കേണ്‍ല്‍ ഫളേര്‍ടന്‍റെ നേതൃത്ത്വത്തിലായിരുന്നു ഇത്. പിന്നീട് കോഴിക്കോട് സാമൂതിരി ഇത് പിടിച്ചെടുത്തെങ്കിലും ബ്രിട്ടീഷുകാര്‍ 1790ല്‍ ഇത് തിരിച്ച് പിടിച്ചു. പിന്നീട് 1799ല്‍ മൈസൂറില്‍ വെച്ച് ബ്രിട്ടീഷ് പടയുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടതോടെയാണ് ഈ കോട്ട ടിപ്പുവിന്‍റെ പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.

കൂറ്റന്‍ കരിങ്കല്‍ കഷ്ണങ്ങളാലുള്ള കരുത്തുറ്റ നിര്‍മ്മിതിയാണ് ഈ കോട്ട ഇതിന് ചുറ്റുമുള്ള കിടങ്ങുകളും മറ്റും ഇതിന്‍റെ നിര്‍മ്മാണത്തിന് പിന്നിലുള്ള സൈനിക ബുദ്ധി വെളിവാക്കുന്നുണ്ട്.

ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ടിപ്പുവിന്‍റെ കോട്ടയില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ജയിലും ഈ കോട്ടയ്ക്കുള്ളിലാണ്.

WEBDUNIA|
പാലക്കാട് നഗരമധ്യത്തില്‍ തന്നെയുള്ള ഈ കോട്ട ഉല്ലാസയാത്ര സംഘങ്ങളെ എന്ന പോലെ ചരിത്രകുതകികളുടെയും ആകര്‍ഷിക്കുന്നു. കോയമ്പത്തൂര്‍ വഴി ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ പാലക്കാടിനെ തങ്ങളുടെ ഇടത്താവളം ആക്കുന്നതിനൊപ്പം ടിപ്പുവിന്‍റെ കോട്ട സന്ദര്‍ശിക്കാനും സമയം കണ്ടെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :