‘ഗുജറാത്ത് കൂട്ടക്കൊലയില്‍ ഖേദമില്ലാത്ത മോഡി കടല്‍‌ക്കൊലയില്‍ കരയുന്നു’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മലയാളി മീന്‍പിടുത്തക്കാര്‍ മരിച്ച സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പരിഹാസ്യമായ നിലപാടാണ് എടുക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗുജറാത്ത് കൂട്ടക്കൊലയില്‍ തനിക്ക് ഖേദമില്ലെന്ന് പറയുന്ന മോഡിയാണ് ഇറ്റാലിയന്‍ മറീനുകളുടെ കേസില്‍ കരയുന്നതെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു. ഇറ്റാലിയന്‍ നാവികര്‍ കേസ് നടക്കുന്നതിനിടെ നാട്ടിലേക്ക് പോയത് ആരുടെ താല്‍‌പര്യപ്രകാരമാണെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കണമെന്ന് മോഡി ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചതിനു മറുപടിയായാണ് ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. നാവികര്‍ക്ക് തിരിച്ചുവരാന്‍ ഉദ്ദേശമില്ലായിരുന്നെന്നും കോടതി ശക്തമായി ഇടപെട്ടതുകൊണ്ടാണ് അവര്‍ തിരിച്ചെത്തിയതെന്നുമായിരുന്നു മോഡിയുടെ പ്രസ്താവന.

മോഡിയുടേത് അടിസ്ഥാനമില്ലാത്ത പ്രസ്താവനയാണെന്നും ഉത്തരവാദിത്ത ബോധമില്ലാത്ത ഈ പ്രസ്താവനയില്‍ സത്യത്തിന്റെ കണികപോലുമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ രണ്ടു തവണയാണ് ഇറ്റലി സന്ദര്‍ശിച്ചത്. പൊതുതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനും ക്രിസ്മസ് ആഘോഷിക്കാനുമായിരുന്നു അത്. ആദ്യം ഹൈക്കോടതിയും രണ്ടാമത് സുപ്രിം കോടതിയുമാണ് ഇതിന് അനുമതി നല്‍കിയത്. രണ്ടു തവണയും നാവികര്‍ തിരിച്ചെത്തുമെന്ന് ഉറപ്പാക്കിയായിരുന്നു ജാമ്യം നല്‍കിയത്.

ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ വിചാരണ നേരിടുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ഐക്യരാഷ്ട്ര സംഘടനാ പൊതുസഭാ പ്രസിഡന്റ് ജോണ്‍ ആഷെയുടെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടപ്പോള്‍ താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിഷേധം അറിയിച്ചിരുന്നു. താനുമായുള്ള ചര്‍ച്ചയ്ക്കിടയില്‍ ആഷെ ഇക്കാര്യം ഉന്നയിച്ചില്ലെന്നാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്.വെടിവെപ്പില്‍ മരണപ്പെട്ട രണ്ടു നിര്‍ഭാഗ്യവാന്മാരുടെ കുടുംബത്തിനു നീതി ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍ സത്യത്തെ വളച്ചൊടിക്കാനുള്ള മോഡിയുടെ ശ്രമം നിഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :