ഹജ്ജ്: ആദ്യ വിമാനം 21ന്

കൊണ്ടോട്ടി| WEBDUNIA| Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2010 (09:30 IST)
സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പ് ഈ മാസം 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും. ആദ്യ വിമാനം 21 ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം മൊത്തം 8602 പേരാണ് ഹജ്ജിന് പോകുന്നത്. വെള്ളിയാഴ്ച ഹജ്ജ് ഹൗസില്‍ ചേര്‍ന്ന വിവിധ ഏജന്‍സികളുടെ യോഗം ഹജ്ജ് ക്യാമ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇത്തവണ കരിപ്പൂരില്‍ നിന്ന് ഹാജിമാരെ കൊണ്ടുപോകുന്നത്. 300, 302,350 പേരെ വീതം കൊള്ളുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഹജ്ജ് ഹൗസില്‍ വിശ്രമിക്കാനും പ്രാര്‍ഥനക്കും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകരുടെ യാത്രാ രേഖകള്‍ തയാറാക്കുന്നതിന് 18 മുതല്‍ ഹജ്ജ് സെല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡിവൈ എസ് പി യു അബ്ദുല്‍ കരീമാണ് ഹജ്ജ് സെല്‍ ഓഫിസര്‍. തീര്‍ഥാടകര്‍ക്ക് യാത്രാ ചെലവിലേക്ക് 2000 റിയാലിനടുത്ത് നല്‍കും. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനാണ് വിദേശ നാണ്യ കൈമാറ്റ ചുമതല. തീര്‍ഥാടകര്‍ക്ക് ആവശ്യത്തിന് വിദേശ കറന്‍സി നല്‍കാനും ക്യാമ്പില്‍ സൗകര്യം ഏര്‍പ്പെടുത്തും. തീര്‍ഥാടകരുടെ കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധന വിമാനത്താവളത്തിലാണ് പൂര്‍ത്തീകരിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :