സ്വകാര്യ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു; അടിസ്ഥാന ശമ്പളം 18,232 രൂപ മുതല്‍ 23,760 രൂപ വരെയാക്കി

സമരം ശക്തമാക്കുമെന്ന് നഴ്‌സുമാര്‍; വിവാദങ്ങള്‍ക്കിടയില്‍ ഇവരെ കാണാതെ പോകരുത്

aparna| Last Modified ചൊവ്വ, 11 ജൂലൈ 2017 (08:49 IST)
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരം തുടരും. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടനകളുടെ പ്രതിനിധികളായ ജാസ്മിന്‍ ഷാ, ലിബിന്‍ തോമസ് എന്നിവര്‍ അറിയിച്ചു. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച വേതന വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നഴ്‌സുമാരുടെ സംഘടനകളുടെ നിലപാട്.

8775 രൂപ അടിസ്ഥാന വേതനമായിരുന്ന സ്വകാര്യ നഴ്‌സുമാരുടെ ശമ്പളമാണ് അലവന്‍സ് സഹിതം 18,232 രൂപയാക്കി ഉയര്‍ത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. 23,760 രൂപ വരെയാണ് വര്‍ധനവ്. 20 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് 18,232 രൂപ. 21 മുതല്‍ 100 വരെ കിടക്കകള്‍ ഉള്ള വര്‍ക്ക് 19,710രൂപ, 101 മുതല്‍ 300 വരെയുള്ളവയ്ക്ക് 20,014 രൂപ, 301 മുതല്‍ 500 വരെയുള്ള ആശുപത്രിയികള്‍ക്ക് 20,920 രൂപയും 501 മുതല്‍ 800 വരെയുള്ളവര്‍ക്ക് 22,040 രൂപയും 801 ന് മുകളില്‍ കിടക്കകള്‍ ഉള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 23,760 രൂപയുമാണ് പുതുക്കിയ ശമ്പളം.

വേതന വര്‍ധനവ് പരിഗണിച്ച് നഴ്‌സുമാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണെന്നും സുപ്രീം കോടതി തീരുമാനം അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും നഴ്‌സുമാരുടെ സംഘടനകള്‍ പ്രതികരിച്ചു. അനിശ്ചിത കാല സമരത്തിലേക്കാണ് നഴ്സുമാര്‍ കടന്നിരിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ നിസഹകരണം ഉള്‍പ്പെടെയുളള സമരപരിപാടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും സമരക്കാര്‍ അറിയിച്ചു.

നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ്:

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്‌കരണം സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച് എണ്ണൂറിലധികം ബെഡുകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം 23760 രൂപയുമായി ഉയരും. ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് 50% ആണ്. ആശുപത്രികളില്‍ ജോലി ചെയ്യുന്ന 170 ഓളം കാറ്റഗറികളില്‍പെടുന്ന തൊഴിലാളികളുടെ വേതനത്തില്‍ ആനുപാതിക വര്‍ദ്ധനവുണ്ടാകും. ഇതോടെ സ്വകാര്യ ആശുപത്രികളിലെ ഏറ്റവും താഴെ തട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 18232 രൂപയായി ഉയരും. ജൂലൈ 20ന് ഐആര്‍സി വീണ്ടും യോഗം ചേര്‍ന്ന് മിനിമം വേതന ഉപദേശകസമിതിക്ക് ശുപാര്‍ശ സമര്‍പ്പിക്കും. മിനിമം വേതന ഉപദേശകസമിതി ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് നിന്നുള്ള ആക്ഷേപങ്ങള്‍ കൂടി പരിശോധിച്ച് മിനിമം വേതനവിജ്ഞാപനത്തിന് അന്തിമരൂപം നല്‍കുകയും ചെയ്യും.

പുതുക്കി നിശ്ചയിച്ച അടിസ്ഥാന ശമ്പളം( ബ്രാക്കറ്റില്‍ നിലവിലെ ശമ്പളം):

1. ഏറ്റവും താഴ്ന്ന തസ്തിക 15,600 രൂപ(7,775 രൂപ)
2. നഴ്‌സിങ് (ജിഎന്‍എം) 17,200 രൂപയാക്കി(8,775 രൂപ)

നഴ്‌സിങ് അലവന്‍സും ഫീല്‍ അലവന്‍സും ചേര്‍ത്ത് വിവിധ ആസ്പത്രികളില്‍ ലഭിക്കുന്ന നഴ്‌സുമാരുടെ വേതനം ഇങ്ങനെ:

1. 20 ബെഡ് വരെയുള്ള ആസ്പത്രികളില്‍ മൂന്ന് ശതമാനം നഴ്‌സിങ് അലവന്‍സും മൂന്ന് ശതമാനം ഫീല്‍ഡ് അലവന്‍സും ചേര്‍ത്ത് 18, 232 രൂപ
2. 21 മുതല്‍ 100 ബെഡ് വരെയുള്ള ആസ്പത്രികളില്‍ നഴ്‌സിങ് അലവന്‍സും 750 രൂപയും ഫീല്‍ഡ് അലവന്‍സ് അഞ്ചു ശതമാനവും ചേര്‍ത്ത് 19,810 രൂപ
3. 101-300 ബെഡ് വരെയുള്ള ആസ്പത്രികളില്‍ 1000 രൂപ നഴ്‌സിങ് അലവന്‍സ്. 12 ശതമാനം ഫീല്‍ഡ് അലവന്‍സും ചേര്‍ത്ത് 20,014 രൂപ
4. 301 മുതല്‍ 500 ബെഡ് വരെയുള്ള ആസ്പത്രികളില്‍ നഴ്‌സിങ് അലവന്‍സ് 1200 രൂപ. ഫീല്‍ഡ് അലവന്‍സ് 15 ശതമാനവും ചേര്‍ത്ത് 20,980 രൂപ
5. 501 മുതല്‍ 800 ബെഡ് വരെയുള്ള ആസ്പത്രികളില്‍ നഴ്‌സിങ് അലവന്‍സ് 1200 രൂപ. ഫീല്‍ഡ് അലവന്‍സ് 20 ശതമാനവും ചേര്‍ത്ത് 22,040
6. 800 ബെഡുകള്‍ക്ക് മുകളിലുള്ള ആസ്പത്രികളില്‍ നഴ്‌സിങ് അലവന്‍സ് 1400 രൂപ. ഫീല്‍ഡ് അലവന്‍സ് 30 ശതമാനവും ചേര്‍ത്ത് 23,760.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :