സിലിക്കണ്‍ വാലി മെന്‍‌ലോ പാര്‍ക്കിന്‍റെ സഹോദര നഗരമാകാന്‍ കൊച്ചി!

കൊച്ചി, സിലിക്കണ്‍ വാലി, മെന്‍‌ലോ പാര്‍ക്ക്, ഉമ്മന്‍‌ചാണ്ടി, ലാലിസം
കൊച്ചി| Last Modified ശനി, 7 ഫെബ്രുവരി 2015 (15:40 IST)
അമേരിക്കയിലെ കാലിഫോര്‍ണിയ മെന്‍‌ലോ പാര്‍ക്കിന്‍റെ സഹോദര നഗരമാകാന്‍ കൊച്ചി ഒരുങ്ങുന്നു. കേരളത്തിലെ ഐടി മേഖലയുടെ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ, സാമ്പത്തിക വിനിമയങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന കരാറില്‍ സ്റ്റാര്‍ട്ടപ് വില്ലേജ്, ഇന്‍‌ഫോപാര്‍ക്ക്, നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന കൊച്ചി ബുധനാഴ്ച ഒപ്പുവയ്ക്കും.

മെന്‍‌ലോ പാര്‍ക്കുമായുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറിലൂടെ അവിടുത്തെ പൗരന്മാരുമായി ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള രൂപരേഖകളും തയ്യാറാക്കുന്നുണ്ട്. ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുന്നതിനു മുന്നോടിയായി മെന്‍‌ലോ പാര്‍ക്ക് മേയര്‍ കാതറിന്‍ കാള്‍‌ട്ടണും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച കേരളത്തില്‍ എത്തി.

സിലിക്കണ്‍ വാലിയുടെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന മെന്‍‌ലോ പാര്‍ക്കുമായുള്ള സഹകരണം ഇന്ത്യയുടെ പ്രഥമ പൊതു സ്വകാര്യ പങ്കാളിത്തമായ ബിസിനസ് ഇന്‍‌കുബേറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജിന് ഉള്‍പ്പടെയുള്ളവയ്ക്ക് ആഗോള തലത്തില് എത്തുന്നതിനുള്ള പ്രചോദനമാകും. ഇന്ത്യയിലെ ഒരു നഗരം മെന്‍‌ലോ പാര്‍ക്കുമായി സഹകരിക്കുന്നത് ആദ്യമായിട്ടാണ്.

കൊച്ചിയെ മെന്‍‌ലോ പാര്‍ക്കിന്റെ സഹോദര നഗരമാക്കുന്നതിനുള്ള തീരുമാനം കാലോചിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. മെന്‍‌ലോ പാര്‍ക്കു പോലെ സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നല്കുന്ന കൊച്ചി, ധനകാര്യ- വാണിജ്യ ഇടപാടുകളുടെ കേന്ദ്രമാണ്. സ്റ്റാര്‍ട്ടപ്പുകളും യുവ സംരംഭകരും ലക്ഷ്യമിടുന്നതുപോലുള്ള ആഗോള സാങ്കേതിക കമ്പനികളുടെ കേന്ദ്രമാണ് വെഞ്ചര്‍ കാപ്പിറ്റലിസ്റ്റുകളുടെ ഉപദേശവും പിന്തുണയും ലഭ്യമാകുന്ന മെന്‍‌ലോ പാര്‍ക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :