സിനിമ വാഗ്‌ദാനം ചെയ്ത് പീഡനം; അറസ്റ്റ്!

തൃശൂര്‍| WEBDUNIA|
PRO
സിനിമയില്‍ റോള്‍ നല്‍‌കാം എന്ന് വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടികളെ പീഡിപ്പിക്കുന്ന സംഘം പിടിയിലായി. തൃശൂരുനിന്ന് കുന്നം‌കുളത്തേക്ക് പോകുന്ന വഴിയിലുള്ള കേച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സാസ്‌ കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനം ഉപയോഗിച്ചുകൊണ്ടാണ് അഞ്ചംഗസംഘം പീഡനം നടത്തിയിരുന്നത്.

സാസ്‌ കമ്യൂണിക്കേഷന്‍ ഉടമ അണ്ടത്തോട്‌ പെരിയമ്പലം പയ്യമ്പിള്ളി ബാബു (26), മഴുവഞ്ചേരി കാരേതില്‍ അസീസ് ‌(34) എന്നിവരാണ്‌ അറസ്റ്റിലായത്‌. മൂന്നുപേരെ കിട്ടാനുണ്ട്. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിപ്രകാരമാണ്‌ പോലീസ്‌ അന്വേഷണം നടത്തിയത്‌. ഈ സ്ഥപനത്തില്‍ ബ്ലൂഫിലിം നിര്‍മാണം നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സിനിമയിലും സീരിയലിലും അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കുക വഴിയാണ് ഇവര്‍ പെണ്‍‌കുട്ടികളെയും സ്ത്രീകളെയും വശീകരിച്ചിരുന്നത്. പണവും പ്രശസ്തിയും കിട്ടുമെന്ന് കരുതി പരസ്യത്തിന് മറുപടി അയച്ചവരില്‍ നിന്ന് സുന്ദരികളായവരെ കണ്ടെത്തിയാണ് സംഘം പീഡിപ്പിച്ചിരുന്നത്. മാതാപിതാക്കളുടെ അറിവില്ലാതെ തന്നെ പല സ്കൂള്‍ വിദ്യാര്‍ത്ഥിനികളും പരസ്യത്തിന് മറുപടി നല്‍‌കിയിട്ടുണ്ടെത്രെ.

പരാതിയെ തുടര്‍ന്ന് കുന്നംകുളം സിഐ ഹരിദാസ്‌, എസ്‌ഐ കെ.ജി. സുരേഷ്‌, എഎസ്‌ഐമാരായ തങ്കപ്പന്‍, രാമകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ ബസന്ത്‌, മാര്‍ട്ടിന്‍, വിന്‍സെന്റ്‌, ദിനേശന്‍, സെബി എന്നിവരടങ്ങുന്ന പോലീസ്‌ സംഘം സാസില്‍ റെയ്ഡ് നടത്തുകയായിരുന്നു. സാസില്‍ നിന്ന് മുന്നൂറോളം യുവതികളുടെയും 12 വയസു മുതലുള്ള പെണ്‍കുട്ടികളുടെയും ബയോഡോറ്റകള്‍ പോലീസ്‌ കണ്ടെടുത്തു.

മൂനുവര്‍ഷം മുമ്പാണ് കേച്ചേരിയിലെ മഴുവഞ്ചേരിയില്‍ സാസ് പ്രവര്‍ത്തനമാരംഭിച്ചത്. വാടകയ്ക്കു കെട്ടിടം എടുത്ത്‌ അതിനുമുകളില്‍ എല്ലാ വിധ സംവിധാനങ്ങളോടും കൂടിയ സ്റ്റുഡിയോ സജ്ജീകരിച്ചാണ്‌ സംഘം ഏര്‍പ്പാടുകള്‍ നടത്തിയിരുന്നത്‌. പീഡനത്തിന് പുറമെ പണം വാങ്ങി വഞ്ചിച്ചതിനും സംഘത്തിനെതിരെ കേസുണ്ട്. പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇവര്‍ 300 രൂപ ഫീസ് വാങ്ങിയിരുന്നുവെത്രെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :