സഹജീവി സ്നേഹം എന്നതാണ് കമ്മ്യൂണിസം, ഇടിമുഴക്കം പോലെ ലാൽസലാം പറഞ്ഞ എനിക്ക് ആരുടെയും 'നിരോധനങ്ങൾ' വേണ്ട: അമീറ തുറന്ന് പറയുന്നു

ചെയുടെ ചിത്രം എവിടെയൊക്കെ വരച്ചിടാൻ പറ്റുമോ അവിടെയെല്ലാം ഞങ്ങൾ അതു ചെയ്യും, ചെങ്കൊടിക്ക് കീഴിൽ സുരക്ഷയോടെ നിൽക്കാൻ ഏതൊരു പെൺകുട്ടിക്കും കഴിയും - വിമർശകർക്ക് മറുപടിയുമായി അമീറ

aparna| Last Updated: വെള്ളി, 7 ജൂലൈ 2017 (17:11 IST)
പര്‍ദ്ദ ധരിച്ച് ചെഗുവേരയുടെ ചിത്രമുള്ള കൊടിയുമായി നില്‍ക്കുന്ന പെണ്‍കുട്ടിയെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പെണ്‍കുട്ടിയെ വിമർശിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. എസ്എഫ്‌ഐ പോലെയുള്ള ഒരു പുരോഗമന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി ഇത്തരത്തില്‍ മതാചാരപ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിനെ ചിലര്‍ വിമര്‍ശിച്ചു. എന്നാൽ, ഇപ്പോഴിതാ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് അൽ അഫീഫ ഖാൻ എന്ന പെൺകുട്ടി.

യാഥാസ്തിക കുടുംബത്തിൽ പിറന്ന കുട്ടിയല്ല താനെന്ന് അമീറ പറയുന്നു. ഒപ്പം, ആവശ്യമായ മതവിചാരങ്ങളും മത വിശ്വാസങ്ങളും തനിക്കുണ്ടെന്ന് ഓർമിപ്പിക്കുക കൂടെ ചെയ്യുന്നുണ്ട് അമീറ. ബാപ്പിയാണ് (ഉപ്പ) തന്റെ രാഷ്ട്രീയ പുസ്തകമെന്ന് അമീറ വ്യക്തമാക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങൾ ഏറെ വായിക്കുന്ന അമീറയ്ക്ക് ഇഷ്ടം 'ചുവപ്പിനോടാണ്'.

സഹജീവിയോടുള്ള സ്നേഹമാണ് കമ്മ്യൂണിസമെന്ന് അമീറ എഴുതുന്നു. 'ഇതെന്റെ വാക്കുകൾ അല്ല, ബാപ്പി പറഞ്ഞതാണ്. സഖാവ് പിണറായിയില്‍ നിന്നും സമ്മാനം സ്വീകരിച്ച് ആരുടേയും പ്രേരണയോ നിര്‍ദ്ദേശമോ ഇല്ലാതെ ഇടിമുഴക്കം പോലെ ലാല്‍സലാം പറഞ്ഞ എനിക്ക് , സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയും എന്നതില്‍ യാതൊരു സംശയവുമില്ല'. - അമീറ വെളിപ്പെടുത്തുന്നു.

പര്‍ദ്ദ ഇസ്ലാം അനുശാസിക്കുന്ന വസ്ത്ര സംവിധാനമാണ്. ഞാൻ നിഖാബ് ധരിക്കുന്നത് എന്റെ ഇഷ്ടം കൊണ്ടാണ്. എന്റെ വസ്ത്രം എന്താകണമെന്നും എങ്ങനെ ധരിക്കണമെന്നും തീരുമാനിക്കുന്നതും ഞാനാണ്. എന്റെ വസ്ത്രധാരണ കൊണ്ട് സമൂഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്തിടത്തോളം കാലം ഞാൻ ഈ വസ്ത്രം തന്നെ ധരിക്കുമെന്നും അമീറ പറയുന്നു.

കഴിക്കാന്‍ പാടില്ല , ഉടുക്കാന്‍ പാടില്ല എന്നൊക്കെയുള്ള ' നിരോധന'ങ്ങള്‍ പുരോഗമന കാലത്തിലുള്ളവർക്ക് ഉൾക്കൊള്ളാൻ ആകില്ലെന്ന് അമീറ വ്യക്തമാക്കുന്നു. താൻ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം തന്നെ കരുതലോടെയാണ് കാണുന്നതെന്ന് അമീറ. എസ് എഫ് ഐയിലെ പ്രാധാനി ആണ് അമീറ. തന്റെ കൂടെയുള്ള സഖാക്കളിൽ തന്റെ സുരക്ഷിതത്വം കാണുന്നുവെന്ന് അമീറ.

'വിമർശനങ്ങൾ ഉന്നയിച്ചവരുടെ പ്രശ്‌നം എന്തെന്നാൽ , ആ ചിത്രത്തില്‍ ഞാന്‍ ഉയര്‍ത്തിപ്പിടിച്ച കൊടിയാണ് , അതിലെ ചെയുടെ പടമാണ് പ്രശ്‌നമായത് . ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് , യുവതക്ക് എന്നും വലിയ ആവേശമാണ് കോമ്രേഡ് ചെ . അതുകൊണ്ട്തന്നെ സഖാവിന്റെ ചിത്രം എവിടെയൊക്കെ വരച്ചിടാമോ എവിടെയൊക്കെ പകര്‍ത്തി വെക്കാമോ അത് ഞങ്ങള്‍ ചെയ്യുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അന്തസ്സായി പ്രവര്‍ത്തിക്കാന്‍ ഏതൊരു പെണ്‍കുട്ടിക്കും കഴിയും'. - അമീറ വ്യക്തമാക്കുന്നു.

(ഉള്ളടക്കത്തിന് കടപ്പാട്: നാരദ ന്യൂസ്)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :