വ്യാജ സര്‍ട്ടിഫിക്കറ്റ് : സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Last Modified ശനി, 6 ഫെബ്രുവരി 2016 (12:11 IST)
കേരള സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടിയ ആള്‍ പൊലീസ് വലയിലായി. നെയ്യാറ്റിന്‍കര ഓലത്താന്നി റീന ഭവനില്‍ ജവഹര്‍ ബോസ് എന്ന 48 കാരനെയാണു മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

2001 ല്‍ മ്യൂസിയം ആന്‍റ് സൂ വകുപ്പില്‍ ആദ്യം ഇയാള്‍ ഗാര്‍ഡനറായി താത്കാലിക ജോലി നേടി. തുടര്‍ന്ന് സ്ഥിരമായി. പിന്നീടാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ മാര്‍ക്ക് ലിസ്റ്റുകളും ഉപയോഗിച്ച് 2005 ല്‍ ഗ്രേഡ് ലക്ചര്‍ പോസ്റ്റില്‍ നിയമനം നേടി.

പിന്നീട് 2009 ല്‍ ക്യൂറേറ്റര്‍ ഗ്രേഡ് ആയി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. എന്നാല്‍ ചില പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടന്നു. 2013 ല്‍ ഇയാള്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇയാള്‍ കഴിഞ്ഞ രണ്ട് മാസമായി അവധിയിലായിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഇയാളെ വെള്ളായണിയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മ്യൂസിയം എസ്.ഐ ആര്‍.എസ്.ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :