സന്തോഷ്‌മാധവന്‍: വിശദീകരണം തേടി

കൊച്ചി | M. RAJU| Last Modified ബുധന്‍, 9 ജൂലൈ 2008 (19:03 IST)
സന്തോഷ്‌ മാധവനെതിരായ കേസുകളില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. കേസുകള്‍ നില്‍ക്കുന്നതാണോയെന്ന്‌ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ സന്തോഷ് മാധവന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. ഏതൊക്കെ കുറ്റകൃത്യങ്ങളാണ് സന്തോഷ് മാധവനെതിരെ ചുമത്തിയിരിക്കുന്നത് അറിയുന്നതിനായി ഡി.ജി.പിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ഹേമ നിര്‍ദ്ദേശിച്ചു.

കേസ് ഡയറി വിശദമായി പരിശോധിച്ചതിന് ശേഷം ഏതൊക്കെ കുറ്റങ്ങളാണ് സന്തോഷ് മാധവനെതിരെയുള്ളതെന്ന് വ്യക്തമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശാരീരിക ബന്ധം നടന്നതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ സൂചനയില്ലാത്തതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തു എന്ന കേസ്‌ നില നില്‍ക്കുന്നതാണോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

പരാമര്‍ശങ്ങളെല്ലാം കോടതി വാക്കാലാണ് നടത്തിയിരിക്കുന്നത്. നാല് മാനഭംഗ കേസുകളാണ് സന്തോഷ് മാധവനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :