വെടിയുണ്ടകളുമായി വിമാനം കയറാനെത്തി; മലയാളി യുവാവ് അറസ്റ്റിൽ

വിമാനത്തില്‍ കയറാനെത്തിയ യുവാവിന്റെ ബാഗില്‍ നിറയെ വെടിയുണ്ടകള്

bullet, police, arrest, മംഗളൂരു,  വെടിയുണ്ട, പൊലീസ്, അറസ്റ്റ്
മംഗളൂരു| സജിത്ത്| Last Modified ബുധന്‍, 7 ജൂണ്‍ 2017 (14:58 IST)
വെടിയുണ്ടകളുമായി വിമാനത്തില്‍ കയറാനെത്തിയ യുവാവ് അറസ്റ്റില്‍. കാസർകോട് സ്വദേശിയായ മുഹമ്മദ് ഷെഫീഖ് എന്നയാളെയാണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു.

പിതാവിന്റെ ചികിൽസാർഥം ഡൽഹി വഴി ചൈനയിലേക്കു പോകാൻ കുടുംബസമേതമാണ് ഷെഫീഖ് എത്തിയത്. മംഗളുരുവിൽനിന്നു വിമാനമാർഗം ഡൽഹിയിലെത്തി അവിടെനിന്നു ചൈനയിലേക്കു പോകാനായിരുന്നു പരിപാടി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ഇയാളുടെ ബാഗിൽ നിന്ന് അഞ്ചു വെടിയുണ്ടകൾ കണ്ടെത്തിയത്.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ബജ്‌പെ പൊലീസിനു കൈമാറി. എന്നാല്‍ തന്റെ പിതാവിനു ലൈസൻസുള്ള തോക്കുണ്ടെന്നും പിതാവിന്റെ ബാഗ് താൻ എടുത്തപ്പോൾ അബദ്ധത്തിൽ അതിനകത്തു പെട്ടുപോയതാണെന്നുമാണു മുഹമ്മദ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്.

ബജ്‌പെ പൊലീസ് ഷെഫീഖിന്റെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം മുഹമ്മദ് ഷെഫീഖിന് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് പൊലീസും വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :