വിശുദ്ധപദവികള്‍ ഭാരതസഭക്ക് ലഭിച്ച ദാനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ചാവറയച്ചന്‍, എവുപ്രാസ്യമ്മ, വിശുദ്ധര്‍, അല്‍‌ഫോന്‍സാമ്മ, മാര്‍പാപ്പ, വത്തിക്കാന്‍
കൊച്ചി| Last Updated: വെള്ളി, 13 ജൂണ്‍ 2014 (12:34 IST)
വാഴ്ത്തപ്പെട്ട ചാവറയച്ചന്‍റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി ഭാരതസഭക്ക് ലഭിച്ച ദാനമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഉച്ചാടനം ചെയ്യുന്നതിന് ചാവറയച്ചന്‍ നടത്തിയ പരിശ്രമങ്ങള്‍ നിസ്തുലമാണ്. തന്‍റെ വിശുദ്ധമായ ജീവിതത്തിലൂടെ അന്നത്തെ കേരളസമൂഹത്തില്‍ അദ്ദേഹം നിറഞ്ഞുനിന്നു. വിശുദ്ധിയുടെ മാര്‍ഗമായി സ്വീകരിച്ചത് പ്രാര്‍ത്ഥനയായിരുന്നു എന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.

ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നത് സമസ്തര്‍ക്കും കൂടുതല്‍ വിശുദ്ധമായ ജീവിതത്തിലേക്ക് ആഹ്വാനം നല്‍കുന്നു. ഇരുവരും സീറോ മലബാര്‍ സഭയുടെ മക്കളാണെന്ന വസ്തുത സഭയെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

നവംബര്‍ 23നാണ് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും എവുപ്രാസ്യമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. വത്തിക്കാനില്‍ നടക്കുന്ന കര്‍ദിനാള്‍മാരുടെ പ്രത്യേക സമ്മേളനത്തില്‍ മാര്‍പാപ്പയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുന്നതിനോടനുബന്ധിച്ച് മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിലും ഒല്ലൂരും ദിവ്യബലിയും പ്രാര്‍ഥനകളും നടന്നു.

കേരളത്തില്‍നിന്ന് വിശുദ്ധ പദവിയിലെത്തുന്നവരുടെ എണ്ണം ഇതോടെ മൂന്നായി. അല്‍ഫോന്‍സാമ്മയാണ് ഭാരത കത്തോലിക്കാ സഭയിലെ ആദ്യവിശുദ്ധ. ചാവറയച്ചനും എവുപ്രാസ്യമ്മയും കൂടാതെ മറ്റു 12 പേര്‍ക്കു കൂടി വിശുദ്ധപദവി നല്‍കും.

ജീവിതസഹനംകൊണ്ട് ആത്മീയവിശുദ്ധി നേടിയ മഹതിയായിരുന്നു വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മ. 1829 നവംബര്‍ 2നാണ് ചാവറയച്ചന്‍ പുരോഹിതനായി ചേന്നങ്കരി പള്ളിയില്‍ ആദ്യമായി കുര്‍ബാനയര്‍പ്പണം നടത്തിയത്. 1830ല്‍ ചാവറയച്ചന്‍ മാന്നാനത്തേക്ക് പോയി. പിന്നീട് ചാവറയച്ചന്‍റെ പ്രധാന കര്‍മ്മമണ്ഡലം മാന്നാനമായിരുന്നു. ജാതിമതഭേദമന്യേ സാമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്ന ചാവറയച്ചന്‍ വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി ചാവറയച്ചന്‍ നടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അനുപമമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :