വിഴിഞ്ഞം തുറമുഖം: 5 കമ്പനികള്‍ക്ക് യോഗ്യത

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 22 മാര്‍ച്ച് 2014 (14:23 IST)
PRO
സംസ്ഥാനത്തിന്‍റെ അഭിമാനമാകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിലേക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ച അഞ്ച് കമ്പനികളും പ്രാഥമിക തെരഞ്ഞെടുപ്പില്‍ യോഗ്യത കൈവരിച്ചു. ഇതിനെ തുടര്‍ന്ന് ഈ അഞ്ച് കമ്പനികള്‍ക്കും അവസാന ബിഡ് നല്‍കുന്നതിനു യോഗ്യതയുണ്ടെന്ന് ഉന്നതാധികാര സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്‍കി.

സംസ്ഥാന ചീഫ് സെക്രട്ടറിയാണ്‌ ഈ ഉന്നതാധികാര സമിതിയുടെ ആധ്യക്ഷന്‍. ഗാമോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, എസ്സാര്‍ പോര്‍ട്ട്‍സ്, അദനി പോര്‍ട്സ് എന്നിവയ്ക്കൊപ്പം വിദേശ കമ്പനികളായ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ്, ഇന്ത്യയിലെ തന്നെ കമ്പനിയായ കോണ്‍കാസ്റ്റ് എന്നിവ ചേര്‍ന്ന കണ്‍സോര്‍ഷ്യവും സ്പെയിനിലെ ഒ.എച്ച്.എല്‍ - ഇന്ത്യയിലെ സ്രേ എന്നിവയുടെ കണ്‍സോര്‍ഷ്യവുമാണ്‌ യോഗ്യത നേടിയിരിക്കുന്നത്.

ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ വരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഇതിനെ തുടര്‍ന്ന് ഈ അഞ്ച് കമ്പനികളില്‍ നിന്നും അന്തിമ ബിഡ് സ്വീകരിക്കും. ഇതിനായി രണ്ട് മാസ സമയം നല്‍കും. അതിനു ശേഷമായിരിക്കും തുറമുഖ നിര്‍മ്മാണം, ഇതിന്‍റെ നടത്തിപ്പ് എന്നിവയ്ക്കായുള്ള കമ്പനിയെ ഇവരില്‍ നിന്ന് കണ്ടെത്തുക.

അന്തിമ ബിഡിലെ പ്രധാന മാനദണ്ഡങ്ങളില്‍ ഒന്ന് സര്‍ക്കാരിനു കൂടുതല്‍പ്അണം നല്‍കാന്‍ തയ്യാറാവുന്ന കമ്പനി, അല്ലെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ ഏറ്റവും കുറഞ്ഞ തുക അങ്ങോട്ട് ആവശ്യപ്പെടുന്ന കമ്പനി എന്നതാവും.

ഏണസ്റ്റ് ആന്‍റ് യംഗ്, എച്ച്,എസ്,ഐ എന്ന നിയമ കണ്‍സല്‍റ്റന്‍റ് എന്നിവര്‍ ചേര്‍ന്ന് കമ്പനികള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ വിലയിരുത്തിയ ശേഷമാണ്‌ ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :