വില്ലേജ് ഓഫിസില്‍ വരുന്നവരെ ബുദ്ധിമുട്ടിച്ചാല്‍ നടപടി

Village Office, Government, Land, Revenue, Joy, വില്ലേജ് ഓഫീസ്, സര്‍ക്കാര്‍, ലാന്‍ഡ്, റവന്യൂ, തഹസില്‍ദാര്‍, ജോയ്
തിരുവനന്തപുരം| BIJU| Last Modified ശനി, 24 ജൂണ്‍ 2017 (21:37 IST)
പല ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ എത്തുന്നവരെ ബുദ്ധിമുട്ടിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണറുടെ ഉത്തരവ്. വില്ലേജ് ഓഫിസില്‍ എത്തുന്നവരെ രണ്ടു തവണയില്‍ കൂടുതല്‍ വരുത്തരുതെന്ന കൃത്യമായ നിര്‍ദ്ദേശമാണ് ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.

നിയമപരമായി ഭൂനികുതി സ്വീകരിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്പോള്‍ തന്നെ കരം സ്വീകരിച്ചു രസീത് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ നികുതി സ്വീകരിക്കാന്‍ കഴിയാതെ വന്നാല്‍ അടുത്ത ദിവസം സ്വീകരിച്ചു രസീത് നല്‍കണമെന്നും ഉത്തരവിലുണ്ട്.

എന്തെങ്കിലും കാരണത്താല്‍ കരം നിരസിക്കാന്‍ കാരണമുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്തി ഭൂവുടമയെ അറിയിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട പരാതി ഏതു തഹസില്‍ദാര്‍ക്ക് നല്‍കണമെന്നു വ്യക്തമായി അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കരം അടയ്ക്കല്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരേ വസ്തുവില്‍ ഒന്നിലധികം തവണ കരംവാങ്ങിയാല്‍ നടപടിയുണ്ടാകുമെന്നും നിയമ വിരുദ്ധമല്ലാത്ത എല്ലാ കേസുകളിലും ഭൂനികുതിവാങ്ങണമെന്നും റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :