വിപുലമായ അന്വേഷണം നടക്കട്ടെ; മധ്യമേഖല ജാഥ ഉദ്ഘാടനം ചെയ്ത് മാണി

കൊച്ചി| JOYS JOY| Last Modified ബുധന്‍, 27 മെയ് 2015 (10:49 IST)
യു ഡി എഫിന്റെ മധ്യമേഖല ജാഥ കെ എം മാണി ഉദ്ഘാടനം ചെയ്തു. രാവിലെ പത്തുമണിയോടെ ഹൈക്കോടതി ജംഗ്‌ഷനിലാണ് ജാഥ മാണി ഉദ്ഘാടനം ചെയ്തത്. ബാര്‍ കോഴ കേസില്‍ കൂടുതല്‍ വിപുലമായ അന്വേഷണം നടക്കട്ടെയെന്ന് ജാഥ ഉദ്ഘാടനം ചെയ്ത് മാണി പറഞ്ഞു.

നുണപരിശോധനാഫലം ചോര്‍ന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ മാണി സത്യം കോടതിയില്‍ തെളിയട്ടെയെന്നും പറഞ്ഞു. അതേസമയം, ബാര്‍കോഴ കേസില്‍ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായി.

അഴിമതി നിരോധന നിയമപ്രകാരമാണ് അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് എസ് പി ഉടന്‍ നിയമോപദേശം തേടും. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന ഫലം കൂടാതെ മറ്റ് തെളിവുകളും അടങ്ങിയതാണ് അന്വേഷണ റിപ്പോര്‍ട്ട്.

ബാര്‍ ഉടമകള്‍ പണം പിന്‍വലിച്ചതിന് തെളിവായി ബാങ്ക് രേഖകളും രാജ്‌കുമാര്‍ ഉണ്ണി മാണിയുടെ വീട്ടിലെത്തിയതിനും സംസാരിച്ചതിനുമുള്ള തെളിവും രാജ്‌കുമാര്‍ ഉണ്ണിയുടെ നാല് ഫോണുകളില്‍ നിന്നുള്ള തെളിവുകളും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ബാര്‍ കോഴ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വരുവരെ മധ്യമേഖലാ ജാഥ മാറ്റിവെക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നീട്ടിവെച്ചിരുന്നു. വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന മധ്യമേഖല ജാഥ വ്യാഴാഴ്ച സമാപിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :