വര്‍ക്കല സംഭവം പൊലീസ് അന്വേഷിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വര്‍ക്കല കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി. നക്‌സല്‍ സ്വഭാവമുള്ള സംഘടനകളെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രി പി കെ ഗുരുദാസന്‍റെ മകളുടെ മാല മോഷ്‌ടിച്ച സംഭവം ചുണ്ടിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിനേക്കാളും വളരെ നല്ല കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ക്രമസമാധാനരംഗത്ത് ചെയ്‌തിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പക്ഷേ ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ അതിന് അപവാദമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍: 2009-2010 വര്‍ഷത്തെ വാര്‍ഷിക പദ്ധതി അടങ്കല്‍ 260 കോടി രൂപ വര്‍ദ്ധിപ്പിച്ച് 8920 രൂപയാക്കി. നിലവില്‍ ഇത് 8660 രൂപയായിരുന്നു.

സംസ്ഥാനത്തെ മണല്‍ക്ഷാമത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗസമിതിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വ്യവസായ പ്രിന്‍സിപ്പള്‍ സെക്രട്ടറി പി ബാലകൃഷ്‌ണന്‍, കെഎസ്ആര്‍ടിസി എം ഡി വിപി സെന്‍ കുമാര്‍, തൃശൂര്‍ കളക്‌ടര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാനായി കെ ജെ മാത്യുവിനെ നിയമിച്ചു. ജലഗാതഗതവകുപ്പിന്‍റെ ബോട്ടുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ കിഴിലുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 27 അധ്യാപക തസ്‌തികകള്‍ പുതുതായി സൃഷ്‌ടിക്കും.

റാങ്ക് ലിസ്‌റ്റിന്‍റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് പി എസ് സിയുമായി ധാരണയിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :