വനം‌മന്ത്രിയുടെ സ്റ്റാഫുകള്‍ക്കിടയില്‍ കലാപം

തിരുവനന്തപുരം| M. RAJU| Last Modified വ്യാഴം, 31 ജനുവരി 2008 (16:59 IST)
വനം മന്ത്രി ബിനോയ് വിശ്വത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കിടയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നതായി ആക്ഷേപം. ഇന്ന് രാവിലെ മന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി കൂടി രാജിവച്ചതോടെ ആക്ഷേപം ശക്തമായിരിക്കുകയാണ്.

മന്ത്രിയുടെ മറ്റ് പല പേഴ്സണല്‍ സ്റ്റാഫുകളും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ചുമതലയുണ്ടായിരുന്ന സുന്ദരന്‍ കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. മെര്‍ക്കിസ്റ്റണ്‍ വിവാദത്തിന് ശേഷം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുകുമാരനും രാജി വച്ചിരുന്നു.

മെര്‍ക്കിസ്റ്റണ്‍ വിവാദത്തിന് ശേഷം ഓഫീ‍സില്‍ നടത്തിയ ചില മാറ്റങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. മന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ടി.എസ് ശശിധരന്‍ നായര്‍ ഇന്ന് രാവിലെയാണ് രാജിവച്ചത്. പ്രത്യേക ദൂതന്‍ വഴി രാജിക്കത്ത് മന്ത്രിയുടെ വീ‍ട്ടിലെത്തിക്കുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് ചുമതല ഒഴിയുന്നതെന്നാണ് രാജിക്കത്തില്‍ പറയുന്നത്. ജോയിന്‍റ് കൌണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.എസ് ശശിധരന്‍ നായര്‍ ആദ്യം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മെര്‍ക്കിസ്റ്റണ്‍ ഇടപാടിന് ശേഷമാണ് അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്.

ശശിധരന്‍ നായര്‍ക്ക് പിന്നാലെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സാജു, അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാരായ യൂസഫ് കോടോത്ത്, ആര്‍. അജയന്‍, പേഴ്സണല്‍ അസിസ്റ്റന്‍റ് രാജീവന്‍, പിയൂണ്‍ സുരേഷ് എന്നിവര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചതായി സൂചനയുണ്ട്. യൂസഫ്, അജയന്‍ എന്നിവര്‍ രാജിക്കത്ത് കൈമാറിയതായും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :