രാജി വെക്കാനും വയ്യ, വെക്കാതിരിക്കാനും വയ്യ; ത്രിശങ്കുസ്വര്‍ഗത്തില്‍ പിസി ജോര്‍ജ്

തിരുവനന്തപുരം| JOYS JOY| Last Updated: ശനി, 28 മാര്‍ച്ച് 2015 (11:17 IST)
ചീഫ് വിപ്പ് സ്ഥാനം തന്നില്‍ നിന്ന് മാറ്റപ്പെടുന്നതോടെ ശരിക്കും ത്രിശങ്കുസ്വര്‍ഗത്തില്‍ ആയിരിക്കുകയാണ് പി സി ജോര്‍ജ്. ചീഫ് വിപ്പ് സ്ഥാനം ജോര്‍ജില്‍ നിന്ന് എടുത്തുമാറ്റണമെന്നും മുന്നണിയോഗങ്ങളില്‍ ജോര്‍ജിനെ ക്ഷണിക്കേണ്ടതില്ലെന്നും കേരള കോണ്‍ഗ്രസ് (എം) കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ജോര്‍ജിനെ മാറ്റാതിരിക്കാന്‍ യു ഡി എഫ് നേതൃത്വം ശ്രമിച്ചെങ്കിലും മാണിയുടെ കടുത്ത നിലപാടിനു മുന്നില്‍ ഒടുവില്‍ വഴങ്ങുകയായിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് ജോര്‍ജ് സ്വമേധയ പുറത്തുപോകട്ടെ എന്ന നിലപാടിലാണ് മാണിയും കൂട്ടരും.

പി സി ജോര്‍ജ് പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോകുകയാണെങ്കില്‍ കൂറുമാറ്റ നിരോധനനിയമപ്രകാരം അദ്ദേഹത്തിന് എം എല്‍ എ സ്ഥാനവും നഷ്‌ടമാകും. ഇക്കാരണത്താല്‍ ജോര്‍ജ് പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോകട്ടെ എന്ന നിലപാടിലാണ് മാണി. എന്നാല്‍, താനായിട്ട് രാജി വെക്കില്ലെന്നും പാര്‍ട്ടി നടപടിയെടുക്കട്ടെയെന്നുമാണ് പി സി ജോര്‍ജിന്റെ പക്ഷം.

ചുരുക്കത്തില്‍ പി സി ജോര്‍ജിന് എം എല്‍ എ സ്ഥാനം നഷ്‌ടമാകാതിരിക്കണമെങ്കില്‍ കെ എം മാണി തന്നെ മനസ്സലിയണം. കൂറുമാറ്റ നിയമത്തിലെ പുതിയ വ്യവസ്ഥ അനുസരിച്ച് എം എല്‍ എമാരിലെ മൂന്നില്‍ രണ്ടംഗങ്ങളില്‍ കൂടുതല്‍ പേരുമായി മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാം. ഇങ്ങനെ ചെയ്താല്‍

അയോഗ്യതയുണ്ടാകില്ല. ജോര്‍ജിന് അങ്ങനെ ചെയ്യണമെങ്കില്‍ പാര്‍ട്ടിയിലെ ആറ് അംഗങ്ങളുമായി പുറത്തുപോകണം. എന്നാല്‍, നിലവില്‍ പാര്‍ട്ടിയില്‍ ജോര്‍ജ് ഒറ്റയ്ക്കാണ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം നടത്താന്‍ ജോര്‍ജിന് കഴിയില്ല.

പാര്‍ട്ടി പുറത്താക്കിയാലും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ ജോര്‍ജ് നിയമസഭയില്‍ കഴിയണമെന്നതും മറ്റൊരു വസ്തുതയാണ്. നിയമസഭയില്‍ വിപ്പ് നല്‍കിയുള്ള വോട്ടിങ്ങില്‍, ഏത് പാര്‍ട്ടിയുടെ ചിഹ്‌നത്തില്‍ മത്സരിച്ചാണോ സഭയില്‍ എത്തിയത് ആ പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ചുരുക്കത്തില്‍ പുറത്താക്കിയാല്‍ പി സി ജോര്‍ജിന് എം എല്‍ എ സ്ഥാനം മാത്രം നഷ്‌ടമാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :