യൂത്തിന്‍റെ ആദ്യയോഗം ഇന്ന്, ‘ശ്രീനിജന്‍’ ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 5 ജനുവരി 2011 (09:18 IST)
PRO
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിനു മുമ്പായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഇന്ന് സ്ഥാനമേല്‍ക്കും.

വാശിയേറിയ തെരഞ്ഞെടുപ്പിന് ഒടുവിലായിരുന്നു എ ഗ്രൂപ്പിന്‍റെ പി സി വിഷ്ണുനാഥ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ സംസ്ഥാന കമ്മിറ്റിയില്‍ എ ഗ്രൂപ്പിനാണ് ഭൂരിപക്ഷം.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്‍റെ മരുമകനുമായ വി പി ശ്രീനിജനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിനു വേണ്ടി പണമിറക്കിയെന്ന് മറുഭാഗം ആരോപിക്കുന്ന ആളാണ് ശ്രീനിജന്‍.

ശ്രീനിജിനെതിരെ നടപടി വേണമെന്ന ആവശ്യം ഇരുഗ്രൂപ്പും യോഗത്തില്‍ ഉന്നയിക്കും. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെങ്കിലും യോഗത്തില്‍ പരസ്പര കുറ്റപ്പെടുത്തലുകള്‍ക്ക്‌ വഴിതുറക്കുമെന്ന്‌ കരുതുന്നു.

ഇന്നത്തെ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി റിസ്വാനും പങ്കെടുക്കുന്നുണ്ട്. ശ്രീനിജനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്ന് റിസ്വാന്‍ പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ പരാതിയെ ഗൗരവമായി കാണുമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി റിസ്വാന്‍ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :