മെഡി.കൌണ്‍സില്‍ പരിശോധന നിര്‍ത്തിവെച്ചു

തിരുവനന്തപുരം| WEBDUNIA|
ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ആരംഭിച്ച മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന ഡോക്‌ടര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചു. പരിശോധനയുമായി കെ ജി എം സി ടി എ സഹകരിക്കാത്തതിനെ തുടര്‍ന്നാണിത്. ഇതോടെ മൂന്നു മെഡിക്കല്‍ കോളേജുകളിലായുള്ള 450 വിദ്യാര്‍ത്ഥികളുടെ കോഴ്സിന്‍റെ അംഗീകാരം അനിശ്ചിതത്വത്തിലായി.

സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ മൂന്നു മെഡിക്കല്‍ കോളേജുകളിലായി അറുന്നൂറോളം അധ്യാപകരാണ് വേണ്ടത്. എന്നാല്‍, ഇതിന്‍റെ പകുതി അധ്യാപകരെ മാത്രമേ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളു. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്‍റെ കണക്കെടുപ്പു ദിവസം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അധ്യാപകരെയും, ആരോഗ്യവകുപ്പില്‍ നിന്ന് ഡോക്‌ടര്‍മാരെയും മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റിനിയമിച്ച് ഒഴിവു നികത്തുകയാണ് പതിവ്. ഇതിനെതിരെയാണ് ഡോക്‌ടര്‍മാര്‍ രംഗത്തു വന്നിരിക്കുന്നത്.

ഉത്തരവ്‌ പ്രകാരം അതാത്‌ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ റിപ്പോര്‍ട്ട്‌ ചെയ്യുമെങ്കിലും പരിശോധനയുമായി സഹകരിക്കില്ലെന്ന്‌ നേരത്തെ തീരുമാനമെടുത്തിരുന്നു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇത്തരമൊരു സ്ഥലംമാറ്റ ഉത്തരവിറക്കിയതിനെതിരെ ഇലക്ഷന്‍ കമ്മിഷന്‌ പരാതി നല്‍കുമെന്നും മെഡിക്കല്‍ കോളജുകളിലെ ഇപ്പോഴത്തെ അവസ്ഥ മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും കെ ജി എം സി ടി എ ഭാരവാഹികള്‍ അറിയിച്ചിരുന്നു.

അതേസമയം, അധിക എം ബി ബി എസ് സീറ്റുകള്‍ക്ക് അംഗീകാരം നഷ്‌ടപ്പെടുത്തിയാല്‍ പൂര്‍ണ ഉത്തരവാദിത്തം കെ ജി എം സി ടി യ്ക്ക് ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പ്രസ്താവനയില്‍ അറിയിച്ചു. മെഡിക്കല്‍ കൌണ്‍സിലിന്‍റെ സന്ദര്‍ശനം ബഹിഷ്‌കരിച്ച ഡോക്‌ടര്‍മാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ട് പന്താടുകയാണ്. അധ്യാപകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :