മുഖ്യമന്ത്രിയെയും ഓഫീസിനെയും ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കുന്നത് അംഗീകരിക്കില്ല: വൈക്കം വിശ്വന്‍

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 15 ഓഗസ്റ്റ് 2013 (10:21 IST)
PRO
ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള സമീപനത്തെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലയെന്ന് ഇടതുപക്ഷജനാധിപത്യ മുന്നണി കണ്‍‌വീനര്‍ വൈക്കം വിശ്വന്‍.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധസമരം പിന്‍വലിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുമെന്ന മുഖ്യന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ തുടര്‍ച്ചയായി ജുഡീഷ്യല്‍ അന്വേഷണത്തെ മാറ്റുക എന്നതല്ല, ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളെയും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നതാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ രാജി ഉണ്ടാകുന്നതുവരെ ഇപ്പോള്‍ നടത്തുന്ന കരിങ്കൊടി കാണിക്കലും പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കുന്ന പരിപാടികളും തുടരും. മുഖ്യമന്ത്രി രാജിവെയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരും. ഉപരോധസമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ജനശക്തിയും വികാരവും കണക്കിലെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :