മുഖ്യമന്ത്രി മൂന്നാര്‍ സന്ദര്‍ശിക്കുന്നു

V.S Achuthanandan
KBJWD
മൂന്നാര്‍ ഒഴിപ്പിക്കല്‍ സംബന്ധിച്ച നടപടികള്‍ വീണ്ടും ത്വരിതപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ മൂന്നാറിലെത്തി. പാര്‍വ്വതിമല അളന്ന് തിട്ടപ്പെടുത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ഉച്ചയ്ക്ക് ഒന്നര മണിയോടെ മൂന്നാറിലെത്തിയ മുഖ്യമന്ത്രി ദൗത്യസംഘത്തിന്‍റെ അവലോകന യോഗത്തില്‍ പങ്കെടുത്തതിന്‌ ശേഷമാണ് തന്‍റെ മൂന്നാര്‍ പര്യടനം ആരംഭിച്ചത്. ആദ്യം അദ്ദേഹം മൂന്നാര്‍ ടൌണിന് സമീപമുള്ള ഗ്രാന്‍റിസ് തോട്ടത്തിലാണ് സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം പാര്‍വ്വതിമലയിലേക്ക് പോയി.

തമിഴ് വംശജര്‍ കയ്യേറിയ പാര്‍വ്വതിമലയിലെ ഭാഗങ്ങള്‍ അടുത്ത കാലത്ത് ഒഴിപ്പിച്ചിരുന്നു. ഇവിടം ഒന്നുകൂടി അളന്ന് തിട്ടപ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിന് ശേഷം പോതമേട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ദൌത്യസംഘത്തലവന്‍ രാമാനന്ദന്‍ ഏറ്റെടുത്ത റിസോര്‍ട്ടും പരിസര പ്രദേശങ്ങളും നോക്കിക്കണ്ടു.

മൂന്നാറില്‍ മാറി മാറിവന്ന ദൌത്യസംഘങ്ങള്‍ ഏറ്റെടുത്ത പ്രദേശങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ചൊക്കനാട് സന്ദര്‍ശിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും അവിടേയ്ക്കുള്ള യാത്ര മാറ്റിവച്ചുവെന്നാണ് അറിയുന്നത്. ചിലപ്പോള്‍ നാളെ അദ്ദേഹം ഇവിടം സന്ദര്‍ശിച്ചേക്കും. 90 ഏക്കറോളം ഭൂമി ടാറ്റ ഇവിടെ കയ്യേറി വച്ചിരിക്കുന്നുവെന്നാണ് ആരോപണം.

മൂന്നാറില്‍ ദൌത്യസംഘം ഏറ്റെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് കൈമാറുന്നതിനെക്കുറിച്ചും പരിശോധിക്കുന്നതിന് കൂടിയാണ് വി.എസ് മൂന്നാറിലെത്തിയിരിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിവയ്ക്കുന്നതിന് അദ്ദേഹം ഉദ്യോഗസ്ഥര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മൂന്നാര്‍| M. RAJU| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2008 (16:51 IST)
അതേ സമയം മൂന്നാറില്‍ വീണ്ടുമൊരു നടപടിയെ എന്ത്‌ വില കൊടുത്തും എതിര്‍ക്കുമെന്ന്‌ സി.പി.എം ജില്ലാനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌. ഹൈറേഞ്ച് വികസന സമിതി എന്ന സംഘടനയാണ് കുടിയൊഴിപ്പിക്കലിനെതിരെ ശക്തമായി രംഗത്തുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :