മുഖ്യമന്ത്രി തുടരുന്നത് ശരിയല്ല- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
പോളിറ്റ് ബ്യൂറോ കുറ്റക്കാരനെന്ന് കണ്ടെത്തിയ നേതാവ് മുഖ്യമന്ത്രിയായി തുടരുന്നത് ധാര്‍മ്മികമായി ശരിയാണോയെന്ന് സി.പി.എം നിശ്ചയിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ണമായും നടക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച ഒരു വര്‍ഷം വരും വര്‍ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി കേന്ദ്ര നേതൃത്വം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നേതാവ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി തുടരുന്നത് ശരിയാണോയെന്ന് ഇവിടത്തെ ജനങ്ങളോട് വിശദീകരിക്കാന്‍ ഈ പാര്‍ട്ടിക്ക് ബാധ്യതയുണ്ട്.

പോളിറ്റ് ബ്യൂറോ ഇടപെടല്‍ കൊണ്ട് സി.പി.എമ്മിലെ വിഭാഗീയത അവസാനിക്കില്ല. വിഭാഗീയത കൊണ്ട് ഭരണം സ്തംഭിച്ചിരിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി യു.ഡി.എഫിന്‍റെ നേട്ടമാണ്. ഈ പദ്ധതി നടപ്പാക്കാന്‍ രണ്ടു വര്‍ഷം താമസിപ്പിച്ചുവെന്നതാണ് ഇടതുമുന്നണിയുടെ നേട്ടം.

മൂന്നാര്‍ കയ്യേറ്റം പുറത്തുകൊണ്ടുവന്നത് യു.ഡി.എഫാണെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. പ്രത്യേക ദൗത്യസംഘം മൂന്നാറിലെത്തിയിട്ട് മൂന്നാഴ്ച കഴിയുന്നു. അവിടെ ഇപ്പോള്‍ ഇടിച്ചു നിരത്തല്‍ മാത്രമേ നടക്കുന്നുള്ളൂ. കയ്യേറ്റപ്രശ്നത്തില്‍ മുഖ്യമന്ത്രി പലതും കാണുന്നില്ല.

കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ സ്വാര്‍ത്ഥപരവും വ്യക്തി പരവുമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :