മദ്യദുരന്തം:ഏഴ്പേര്‍ അറസ്റ്റില്‍

കൊല്ലം | WEBDUNIA|
കുന്നിക്കോട് മദ്യദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഏഴ് പേരെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. 21 പേര്‍ക്കെതിരെ കേസെടുത്തു. മൂന്നു റേഞ്ചുകളില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കൊല്ലം, ചാത്തന്നൂര്‍, എഴുകോണ്‍ റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. കുന്നിക്കോട് സംഭവവുമായി ബന്ധപ്പെട്ട് ജില്ലയൊട്ടാകെ കഴിഞ്ഞ ദിവസം മുതല്‍ എക്സൈസ് സംഘം റെയ്ഡുകള്‍ കര്‍ക്കശമാക്കിയിരുന്നു. ഈ റെയ്ഡിലാണ് മൂന്ന് റെയ്ഞ്ചുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തത്. ഷാപ്പുടമകളും ജീവനക്കാരുമാണിവര്‍.

അനുവദനീയമായ അളവില്‍ കൂടുതല്‍ കള്ള് സൂക്ഷിക്കുക, ഷാപ്പുകള്‍ തുറക്കുന്നതിലും അടയ്ക്കുന്നതിലും സമയക്ലിപ്തത പാലിക്കാതിരിക്കുക തുടങ്ങി അബ്കാരി നിയമത്തിലെ ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

റെയ്ഡുകള്‍ കര്‍ക്കശമാക്കിയ സാഹചര്യത്തില്‍ പത്ത് ഷാപ്പുകള്‍ ഉടമകള്‍ തന്നെ സ്വമേധയാ പൂട്ടി. ഇതുകൂടാതെ പത്തനാപുരം, അഞ്ചല്‍ മേഖലകളില്‍ ഷാപ്പുകള്‍ പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

പത്തനാപുരം, കൊട്ടാരക്കാര റേഞ്ചുകളിലെ 17 ഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഉടന്‍ തന്നെയുണ്ടാകുമെന്ന് എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :