ഭര്‍തൃവീട്ടില്‍ കയറ്റാത്തതിന് പിഞ്ചുകുഞ്ഞുമായി സത്യഗ്രഹം!

കായംകുളം| WEBDUNIA|
ഭര്‍തൃവീട്ടിലേക്ക് കയറ്റില്ലെന്ന് വാശി പിടിച്ചതിനെ തുടര്‍ന്ന് യുവതി പിഞ്ചുകുഞ്ഞുമായി വീട്ടുപടിക്കല്‍ സത്യഗ്രഹത്തില്‍. കറ്റാനം ഭരണിക്കാവ് കുന്നേല്‍ ഉത്രാടം വീട്ടില്‍ സഞ്ജയിന്‍റെ ഭാര്യ വീണ(29)യാണ് ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുന്നതിലും വീട്ടില്‍ കയറ്റാത്തതിലും പ്രതിഷേധിച്ച് മൂന്നര വയസ്സുള്ള മകന്‍ മഹാദേവിനെയുമെടുത്ത് സത്യഗ്രഹം ചെയ്യുന്നത്.

ദുബായിലുള്ള സഞ്ജയ് മറ്റൊരു വിവാഹം കഴിക്കാന്‍ നാട്ടിലെത്തിയതറിഞ്ഞ് നാലുദിവസം മുമ്പ് കുഞ്ഞുമായി ഭര്‍തൃവീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ഭര്‍തൃപിതാവ് വീണ വീട്ടില്‍ കയറുന്നതിനെതിരെ കോടതി ഉത്തരവ് സമ്പാദിച്ചിരിക്കുകയാണ്. ഇതോടെയാണ് പെരുവഴിയില്‍ സത്യഗ്രഹം നടത്താന്‍ വീണ തീരുമാനിച്ചത്.

വീണയെ ഗേറ്റിന് സമീപം കണ്ടതോടെ പിന്‍വാതിലിലൂടെ സഞ്ജയ് രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 2006 മേയ് 11നാണ് കോട്ടയം പാലാ പുലിയമണ്ണൂര്‍ മഞ്ജുഭവനില്‍ വീണയും സഞ്ജയും വിവാഹിതരായത്. സഞ്ജയ് ദുബായിലേക്ക് മടങ്ങിയതോടെ ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനത്തിനായി തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് വീണ പറയുന്നു. ഇതോടെ വീണ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ വീണ വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കി ഭര്‍തൃ വീട്ടുകാര്‍ കോടതിവിധി നേടുകയായിരുന്നു.

വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് സഞ്ജയിന്‍റെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇത് തങ്ങള്‍ക്ക് കിട്ടിയില്ലെന്ന് വീണ പറയുന്നു. വീട്ടില്‍ കയറുന്നത് തടഞ്ഞു കൊണ്ട് സഞ്ജയിന്‍റെ പിതാവ് ഉത്തരവ് നേടിയിരിക്കുന്നതിനാല്‍ ഇതില്‍ ഇടപെടാന്‍ കഴിയാതെ നില്‍ക്കുകയാണ് പൊലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :