ഭരണഘടനയുടെ മലയാളം പതിപ്പിന് പ്രചാരമേറുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഭരണഘടനയുടെ മലയാളം പതിപ്പ് വന്‍ ഹിറ്റാകുന്നതായി റിപ്പോര്‍ട്ട്. മലയാളം പതിപ്പ് പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ 1750 ലധികം കോപ്പികളാണത്രേ വിറ്റുപോയത്.

ഒന്നര വര്‍ഷം മുമ്പാണ് ഔദ്യോഗിക ഭാഷാ കമ്മീഷന്‍ ഭരണഘടനയുടെ മലയാളം പതിപ്പ് പുറത്തിറക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ നിയമ സെക്രട്ടേറിയറ്റിന്‍റെ അധികാരപരിധിയില്‍ ഉള്ളതാണ് ഭാഷാ കമ്മീഷന്‍. 1950ല്‍ ആദ്യപ്രതി പുറത്തിറങ്ങിയ ഭരണഘടനയ്ക്ക് 50 വര്‍ഷങ്ങള്‍ വേണ്ടി വന്നു മലയാള പരിഭാഷ തയ്യാറാക്കാന്‍ എന്ന ഒരു വിരോധാഭാസം നിലനില്‍ക്കുന്നുണ്ടെങ്കിലും പുതിയ പുസ്തകത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യാതൊരു വിധ പരസ്യ പ്രചാരണങ്ങളും നടത്താതെ തന്നെയാണ് ഇത്രയധികം കോപ്പികള്‍ വിറ്റുപോയതെന്നതാണ് ഏറെ ശ്രദ്ധേയം. പരസ്യം നല്‍കുന്നത് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമാണ്. 3000 പതിപ്പുകളാണ് ഇതിനകം പ്രിന്‍റ് ചെയ്തത്. 125 രൂപ വിലയുള്ള പുസ്തകം ഇപ്പോള്‍ 100 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. സ്പീഡ് പോസ്റ്റ് വഴി പുസ്തകം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 രൂപ പോസ്റ്റേജ് ചാര്‍ജ് നല്‍കിയാല്‍ 1000 കിലോമീറ്ററിനുള്ളില്‍ പുസ്തകം എത്തിച്ച് നല്‍കും.

കേന്ദ്ര നിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാനത്ത് കമ്മീഷന് മാത്രമാണ് അധികാരമുള്ളത്. 2000 ജനുവരി 31 വരെയുണ്ടായിട്ടുള്ള ഭേദഗതികള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാഷ്‌ട്രപതി നല്‍കിയ ഒരു ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മലയാളം പതിപ്പ് പ്രസിദ്ധീകരണം തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :