പ്ലസ്‌ ടു ഫലം: ആശങ്ക തുടരുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്ലസ്‌ ടു പരീക്ഷയുടെ പുതുക്കിയ ഫലം എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പ്രശ്നം ചൊവ്വാഴ്ച ഉച്ചയ്ക്ക് മുമ്പ് പരിഹരിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ കര്‍ശന നിര്‍ദ്ദേശം നടപ്പായില്ല. വെബ്സൈറ്റിലെ പിഴവുകള്‍ ഇതുവരെയും പരിഹരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ആശങ്കയോടെ കാത്തിരിക്കുന്നത്.

മാര്‍ക്കുകള്‍ പുനപരിശോധന നടത്തിയ ശേഷം വൈകിട്ടോടെ ഫലം പ്രസിദ്ധീകരിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ്‌ ഹനീഷിന്റെ നേതൃത്വത്തിലാണ്‌ മാര്‍ക്കുകള്‍ പുനപരിശോധിക്കുന്നത്‌.

ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ ഔ‍ദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫലത്തില്‍ പിഴവ് സംഭവിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. അതേസമയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്ലസ് ടു പരീക്ഷാഫലത്തില്‍ മാറ്റമുണ്ടായത് എന്‍ ഐ സിയുടെ പിഴവ് മൂലമാണെന്നാണ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദു റബ്ബ് പറഞ്ഞു. തെറ്റുകള്‍ സംഭവിച്ച സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഫലപ്രഖ്യാപനം നടത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടു ഡയറക്ടറേറ്റിനെക്കുറിച്ച് ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കും എന്നും മന്ത്രി പറഞ്ഞു. പരീക്ഷാ വിഭാഗത്തിന്റെ നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണിത്.

മെയ് 20-നാണ് പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 1500 ഓളം വിദ്യാര്‍ത്ഥികളുടെ ഫലം അപ്പോള്‍ തടഞ്ഞുവച്ചിരുന്നു. ഈ ഫലങ്ങള്‍ കൂടി വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത് എന്നാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ വിശദീകരണം. എന്നാല്‍ മുമ്പേ പ്രസിദ്ധീകരിച്ച ഫലങ്ങളും മാറിമറിഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായത്.

തിരുത്തിയ മാര്‍ക്കുകളാണ് തിങ്കളാഴ്ച രാത്രി മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ കാണാന്‍ സാധിക്കുന്നത്. ഫലങ്ങള്‍ മാറിയതോടെ വിജയിച്ച പല വിദ്യാര്‍ത്ഥികളും തോറ്റു. ഉന്നത പഠനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന കുട്ടികളെയാണ് ഈ വാര്‍ത്ത ഏറെ ആശങ്കപ്പെടുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :