പ്രവീണ്‍‌വധം: പ്രതികള്‍ക്ക് വധശിക്ഷ

കോട്ടയം | WEBDUNIA|
പ്രവീണ്‍ വധക്കേസില്‍ മൂന്നും നാലും പ്രതികള്‍ക്ക് കോട്ടയം അതിവേഗക്കോടതി വധശിക്ഷ വിധിച്ചു. ഗുണ്ടാ സംഘങ്ങളിലെ അറിയപ്പെടുന്ന നേതാക്കളായ പ്രിയന്‍, സുനില്‍ എന്നീ പ്രതികളാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഏറ്റുമാനൂര്‍ സ്വദേശിയായ പ്രവീണിനെ മലപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഡി.വൈ.എസ്.പി ആയിരുന്ന ഷാജിയും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം പല ഭാഗങ്ങളായി മുറിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടിട്ടുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രത്രികള്‍ക്കു മേല്‍ കോടതി ചുമത്തിയിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഈ പ്രതികള്‍ മും‌ബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു.

ഇവിടെ നിന്നും വ്യാജരേഖകള്‍ ഉപയോഗിച്ച് ഇവര്‍ രാജ്യം വിടാനും ശ്രമിച്ചിരുന്നു. ഇതിനെതിരെയും ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നു. ഈ കേസില്‍ ഒന്നാം‌പ്രതി ഡി.വൈ.എസ്.പി. ഷാജി, രണ്ടാം പ്രതി ബിനു എന്നിവരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

ഇവരിപ്പോള്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. 2005 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാജിയുടെ ബസുകളുടെ നടത്തിപ്പുകാരനായിരുന്നു ഏറ്റുമാനൂര്‍ മേവക്കാട്ടുവീട്ടില്‍ പ്രവീണ്‍. ഷാജിയുടെ ഭാര്യയുമായി പ്രവീണിന് അവിഹിതബന്ധമുണ്ടന്ന് സംശയിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ അഞ്ചാം പ്രതി ഇനിയും പിടിയിലായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :